തിരുവനന്തപുരം: കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി എന്നതാണ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശദ്രോഹികളില്‍ നിന്നും കേരളത്തെ രക്ഷിക്കുക, വിശ്വാസങ്ങളെ സംരക്ഷിക്കുക, വികസിത കേരളം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പരിപാടിയില്‍വെച്ച് ' മിഷന്‍ 2026 ' അമിത് ഷാ അവതരിപ്പിച്ചു. 2024 ല്‍ 20 ശതമാനം വോട്ടുകള്‍ ബിജെപി നേടി. 20 ല്‍ നിന്നും 30 ലേക്കും 40 ലേക്കും അത് വളരും. അത് 2026 ല്‍ തന്നെ സംഭവിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് തലസ്ഥാനത്ത് ബിജെപിയുടെ മേയറെ നിങ്ങള്‍ കണ്ടു. ഇനി തലസ്ഥാനത്ത് ബിജെപിയുടെ മുഖ്യമന്ത്രിയെ നിങ്ങള്‍ കാണുമെന്നും അമിത് ഷാ പറഞ്ഞു. വികസിത കേരളം യാഥാര്‍ഥ്യമാകണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ 'മാച്ച് ഫിക്‌സിങ്' ആണ് നടക്കുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
വിശ്വാസം സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പിണറായി വിജയന് ഇറങ്ങിപോകാന്‍ സമയമായി. ശബരിമലയില്‍ സ്വതന്ത്ര ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷണം നടത്തണം. ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒരു നിഷ്പക്ഷ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിയെയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് ബാങ്കിന്റെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വിഭജന രാഷ്ട്രീയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ സാധിക്കുന്നത് ബിജെപിക്ക് മാത്രമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.