ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുന്നു; ഒരു മരണം; 300 വീടുകൾ ചാമ്പലായി

ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുന്നു; ഒരു മരണം; 300 വീടുകൾ ചാമ്പലായി

മെൽബൺ: ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ മേഖലയിൽ കാട്ടുതീ അനിയന്ത്രിതമായി പടരുന്നു. വിക്ടോറിയ സംസ്ഥാനത്തെ ലോങ്‌വുഡ് പട്ടണത്തിന് സമീപമുള്ള ഗോബർ ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവിടെ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 300 ഓളം വീടുകൾ ഇതിനോടകം പൂർണമായും കത്തിനശിച്ചു.

തീ നിയന്ത്രണാതീതമായതോടെ വിക്ടോറിയ സംസ്ഥാനത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്. വിക്ടോറിയയിലും ന്യൂ സൗത്ത് വെയ്ൽസിലുമാണ് കാട്ടുതീ കനത്ത നാശനഷ്ടം വിതയ്ക്കുന്നത്. വിക്ടോറിയയിൽ മാത്രം ഏകദേശം 3,50,000 ഹെക്ടർ ഭൂമി അഗ്നിക്കിരയായി. ഹാർകോർട്ട് എന്ന ചെറുപട്ടണത്തെയാണ് തീ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

എഴുപതോളം വിമാനങ്ങൾ ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള ശ്രമം നടക്കുന്നത്. അപകടമേഖലകളിൽ നിന്ന് ആളുകളെ മാറ്റുന്ന പ്രക്രിയ തുടരുകയാണ്. മേഖലയിലെ കടുത്ത ഉഷ്ണതരംഗമാണ് തീ അതിവേഗം പടരാൻ കാരണമായത്. കാട്ടുതീ ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

മെൽബൺ മെട്രോപൊളിറ്റൻ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ പുക പടർന്നത് വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 2020 ൽ 33 പേരുടെ മരണത്തിനിടയാക്കിയ മഹാദുരന്തത്തിന് ശേഷം ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും വലിയ കാട്ടുതീയാണിത്.

രാജ്യത്തെ മുഴുവൻ അഗ്നിശമന സേനയും ദൗത്യത്തിൽ പങ്കാളികളാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചു. കൂടുതൽ സഹായത്തിനായി അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.