ബാങ്കോക്ക്: തായ്ലന്‍ഡില്‍ ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണ് 22 പേര്‍ മരിച്ചു. 30 ലേറേ പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കില്‍ നിന്ന് 230 കിലോ മീറ്റര്‍ അകലെ സിഖിയോ ജില്ലയില്‍ അതിവേഗ പാതയുടെ നിര്‍മാണത്തിനിടെ ഇന്ന് രാവിലെ 9:05 നാണ് അപകടം.
അതിവേഗ പാതയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ക്രെയിന്‍ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ഒരു ബോഗിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തു. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. നിരവധി യാത്രക്കാര്‍ ട്രെയിന്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.