കുവൈറ്റ് സിറ്റി: രാജ്യത്ത് മള്‍ട്ടിപ്പിള്‍ ട്രിപ്പ് എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കി കുവൈറ്റ്. നിശ്ചിത കാലയളവില്‍ ഒന്നിലധികം വിദേശയാത്രകള്‍ ചെയ്യുന്നവര്‍ക്ക് ഇനി ഒരൊറ്റ പെര്‍മിറ്റ് മതിയാകും. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ആണ് നടപടി. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (PAM) ആണ് ഇക്കാര്യം അറിയിച്ചത്.
മുന്‍പ് ഓരോ യാത്രയ്ക്കും പ്രത്യേകം എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷിക്കുകയും അനുമതി നേടുകയും വേണമായിരുന്നു. ഇത് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അധിക നടപടിക്രമങ്ങളും സമയ നഷ്ടവും വരുത്തിയിരുന്നു. പുതിയ സംവിധാനത്തിലൂടെ ഒരൊറ്റ അനുമതി ഉപയോഗിച്ച് പല യാത്രകളും നടത്താന്‍ കഴിയും.
മാത്രമല്ല അനുമതി നല്‍കിയ പെര്‍മിറ്റ് ആവശ്യമായ സമയത്ത് പ്രിന്റ് ചെയ്യാനുള്ള സൗകര്യവും സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും യാത്രാ നടപടികള്‍ ലളിതമാക്കാന്‍ സഹായിക്കും. തൊഴിലുടമകള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള സംവിധാനവും സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് തൊഴിലാളികളുടെ യാത്ര സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ തൊഴിലുടമയ്ക്ക് കഴിയും.
പെര്‍മിറ്റ് ലഭിക്കാന്‍ 'അശല്‍ ' പോര്‍ട്ടല്‍ അല്ലെങ്കില്‍ 'സഹീല്‍' ആപ്പ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഈ സംവിധാനം പേപ്പര്‍ വര്‍ക്ക് കുറയ്ക്കുകയും അനുമതികള്‍ വേഗത്തിലാക്കുകയും തൊഴിലാളികളുടെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന് സഹായിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.