ടെഹ്റാന്‍: ഇറാനിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരോട് മൂന്ന് ദിവസത്തിനകം കീഴടങ്ങാന്‍ ഭരണകൂടത്തിന്റെ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കില്‍ കടുന്ന ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നാണ് ഇറാന്‍ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. അട്ടിമറി ശ്രമമായിട്ടാണ് പ്രക്ഷോഭത്തെ ഇറാന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്.
'പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ 72 മണിക്കൂറിനുള്ളില്‍ കീഴടങ്ങണം, അല്ലെങ്കില്‍ 'നിയമത്തിന്റെ പൂര്‍ണ ശക്തി' നേരിടേണ്ടി വരും'- ഇറാന്‍ ദേശീയ പൊലീസ് മേധാവി അഹ്‌മദ്-റെസ് റാദന്‍ പറഞ്ഞതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള നടപടികളുടെ വ്യാപ്തി ഇപ്പോഴും പുറം ലോകം അറിഞ്ഞിട്ടില്ല. പ്രതിഷേധം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് പതിനയ്യായിരത്തിലധികം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.
തെറ്റിദ്ധാരണ മൂലം പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും രണ്ടായിട്ടാണ് കാണുന്നതെന്ന് ഇറാന്‍ പൊലീസ് വ്യക്തമാക്കി. തെറ്റിദ്ധാരണ മൂലം ഇതിലേക്ക് എത്തപ്പവരെ വഞ്ചിക്കപ്പെട്ട വ്യക്തികളായിട്ടാണ് കാണുന്നത്. അവര്‍ കീഴടങ്ങിയാല്‍ അവരോടുള്ള സമീപനം സൗമ്യമായിരിക്കുമെന്ന് ഇറാന്‍ പൊലീസ് മേധാവി പറഞ്ഞു.