സിഡ്‌നിയിലെ സെന്റ് ജോസഫ് കമിനോ തീർത്ഥാടനത്തിന് ആഗോള ശ്രദ്ധ; ശാലോം വേൾഡ് ഡോക്യുമെന്ററി പുറത്തിറക്കി

സിഡ്‌നിയിലെ സെന്റ് ജോസഫ് കമിനോ തീർത്ഥാടനത്തിന് ആഗോള ശ്രദ്ധ; ശാലോം വേൾഡ് ഡോക്യുമെന്ററി പുറത്തിറക്കി

സിഡ്‌നി: സിഡ്‌നി അതിരൂപതയിലെ പുരുഷന്മാർക്കായി വർഷംതോറും സംഘടിപ്പിക്കുന്ന 'കമിനോ ഓഫ് സെന്റ് ജോസഫ്' തീർത്ഥാടനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. പ്രമുഖ ക്രൈസ്തവ മാധ്യമമായ ശാലോം വേൾഡ് ടിവി തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഈ തീർത്ഥാടനം ആഗോളതലത്തിൽ ചർച്ചയാകുന്നത്.

സിഡ്‌നിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരുഷന്മാർ ഒത്തുചേർന്ന് വിശ്വാസവും സാഹോദര്യവും പങ്കുവെക്കാനായി നടത്തുന്ന രാത്രികാല കാൽനട തീർത്ഥാടനമാണിത്. 2021 ൽ സിഡ്‌നി സെന്റർ ഓഫ് ഇവാഞ്ചലൈസേഷനിലെ ലൈഫ്, ഫാമിലി ആൻഡ് മാരേജ് ടീമാണ് ഇതിന് തുടക്കമിട്ടത്. കേവലം ഏതാനും പേരുമായി ആരംഭിച്ച ഈ തീർത്ഥാടനത്തിൽ കഴിഞ്ഞ വർഷം 1200 ലധികം പേരാണ് പങ്കെടുത്തത്.

കോമോയിലെ സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് തുടങ്ങി ക്രോണുള്ളയിലെ സെന്റ് അലോഷ്യസ് ദേവാലയത്തിൽ അവസാനിക്കുന്ന രീതിയിലാണ് കഴിഞ്ഞ വർഷത്തെ തീർത്ഥാടനം ക്രമീകരിച്ചിരുന്നത്. സിഡ്‌നി അതിരൂപതയുമായി സഹകരിച്ച് തയ്യാറാക്കിയ അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ തീർത്ഥാടനത്തിന്റെ മനോഹാരിതയും വിശ്വാസ സാക്ഷ്യങ്ങളും പകർത്തിയിട്ടുണ്ട്.

അക്രമമോ പ്രതിഷേധമോ ഇല്ലാതെ യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്താനും വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയത അനുഭവിച്ചറിയാനുമാണ് പുരുഷന്മാർ ഒത്തുചേരുന്നതെന്ന് സെന്റ് അലോഷ്യസ് ഇടവക വികാരി ഫാ. ജെയിംസ് മക്കാർത്തി പറഞ്ഞു.

സഭ സജീവമാണെന്നും വിശ്വാസത്തിൽ ഒന്നിച്ചു നടക്കുകയാണെന്നും ലോകത്തെ അറിയിക്കാൻ ഇത്തരം ഡോക്യുമെന്ററികൾ സഹായിക്കുമെന്ന് ഷാലോം വേൾഡ് ഓസ്‌ട്രേലിയ ഡയറക്ടർ സിജിൻ ജോസഫ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ കത്തോലിക്കാ പാരമ്പര്യത്തെയും കൂട്ടായ്മയെയും ഉയർത്തിക്കാട്ടുന്നതാണ് ഈ സംരംഭമെന്നും അദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.