ദുബായ്: എയര്‍ ഇന്ത്യയുടെ ദുബായ്-കൊച്ചി പ്രീമിയം വിമാന സര്‍വീസ് നിറുത്തലാക്കുന്നു. ദുബായിയില്‍ നിന്ന് കേരളത്തിലേക്കുള്ള ഏക എയര്‍ ഇന്ത്യ സര്‍വീസാണിത്. മാര്‍ച്ച് ഇരുപത്തെട്ട് വരെ മാത്രമേ സര്‍വീസ് ഉണ്ടാവുകയുള്ളൂ എന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമല്ല.
ഇപ്പോഴത്തെ സര്‍വീസിന് പകരമായി മാര്‍ച്ച് 29 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസായിരിക്കും സര്‍വീസ് നടത്തുക. സിനിമാ താരങ്ങളും ബിസിനസുകാരും അടക്കമുള്ള പ്രീമിയം യാത്രക്കാര്‍ വന്‍തോതില്‍ ആശ്രയിച്ചിരുന്ന സര്‍വീസാണ് അവസാനിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഈ പിന്മാറ്റം മറ്റ് വിമാന കമ്പനികള്‍ക്ക് സഹായകമാകും.
29 മുതല്‍ ആരംഭിക്കുന്ന സര്‍വീസില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും അധിക ബാഗേജ് സൗകര്യവും ലഭ്യമാകില്ല. മാത്രമല്ല വിമാനത്തിനുള്ളിലെ വിനോദ പരിപാടികളും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ലഭ്യമാകില്ല. പ്രീമിയം ക്യാബിന്‍, ലോഞ്ച് സൗകര്യം എന്നിവയെയും പ്രതികൂലമായി ബാധിക്കും.
കൊച്ചിക്ക് പുറമേ ദുബായിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള സര്‍വീസും എയര്‍ ഇന്ത്യ അവസാനിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതും കമ്പനിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും മറ്റ് വിമാന കമ്പനിക്കാര്‍ക്ക് നേട്ടത്തിനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യും. ഈ സര്‍വീസ് അവസാനിപ്പിക്കാനുള്ള കാരണവും വ്യക്തമല്ല.