പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നു; ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നു; ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പുതിയ തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഇന്ന് സഭയില്‍ മറ്റ് നടപടികള്‍ ഉണ്ടാവില്ല. ഇന്ന് മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ്.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പരിഗണിച്ച് ചില ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും.

രണ്ട് ഘട്ടങ്ങളായി ചേരുന്ന സമ്മേളനത്തിന് മുന്നോടിയായി എന്‍ഡിഎ, ഇന്ത്യാ സഖ്യ മുന്നണികള്‍ യോഗം ചേരുന്നുണ്ട്. മാര്‍ച്ച് ഒന്‍പത് മുതലാണ് രണ്ടാം ഘട്ട സമ്മേളനം തുടങ്ങുക. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

അതേസമയം പുതിയ തൊഴിലുറപ്പ് പദ്ധതിക്കും തൊഴില്‍ കോഡിനുമെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര ബജറ്റില്‍ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.