ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടര്‍ സി.ജെ റോയിയുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തേടി പ്രത്യേക അന്വേഷണ സംഘം. ഐടി പരിശോധനയ്‌ക്കെതിരായ കേസ് റോയ് പിന്‍വലിച്ചത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ഡിസംബര്‍ 16 നല്‍കിയ കേസ് 18 ന് അദേഹം പിന്‍വലിക്കുകയായിരുന്നു.
റോയിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. ആദായ നികുതി വകുപ്പില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടും. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിയമോപദേശകരെയും എസ്‌ഐടി കാണും. ആദായ നികുതി വകുപ്പ് നടപടികള്‍ക്കെതിരെ ബംഗളൂരുവിലെ വ്യവസായികള്‍ രംഗത്തെത്തിയിരുന്നു. റോയിയുടെ ജീവന്‍ എടുത്തത് 'ടാക്‌സ് ടെററിസം' ആണെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
അതേസമയം റോയ് മരിച്ച സമയത്ത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ ഉണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തെ സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാക്കിയത് എന്തിനാണെന്നും ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. കൂടാതെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ പരിശോധനയും തുടങ്ങിയിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട റോയിയുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നുണ്ട്. അദേഹത്തിന്റെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും.