എന്‍ജിന്‍ തകരാര്‍: തിരക്കേറിയ ഹൈവേയില്‍ ചെറു വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്; വാഹനങ്ങളിലിടിച്ച് അപകടം

എന്‍ജിന്‍ തകരാര്‍: തിരക്കേറിയ ഹൈവേയില്‍ ചെറു വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്; വാഹനങ്ങളിലിടിച്ച് അപകടം

വാഷിങ്ടണ്‍: ഹൈവേയില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തിയ ചെറുവിമാനം അപകടത്തില്‍പ്പെട്ടു. തിരക്കേറിയ ഹൈവേയില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ നിരവധി വാഹനങ്ങളിലിടിച്ചാണ് അപകടമുണ്ടായത്.

ജോര്‍ജിയയിലെ ഗെയിന്‍സ് വില്ലെയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. പരിശീലനത്തിനായി ഉപയോഗിക്കുന്ന സിംഗിള്‍ എന്‍ജിന്‍ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരക്കേറിയ റോഡിലിറക്കിയത്.

ലീ ഗില്‍മര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ 'ഹാക്കര്‍ ബീച്ച്ക്രാഫ്റ്റ് ബിഇ 36' ശ്രേണിയില്‍പ്പെട്ട വിമാനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് തിരികെ പറക്കാനുള്ള ശേഷിയില്ലാതായതോടെയാണ് വിമാനം തിരക്കേറിയ റോഡിലിറക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര ലാന്‍ഡിങിന് പിന്നാലെ വിമാനം റോഡിലുണ്ടായിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് വാഹനങ്ങള്‍ക്ക് അപകടത്തില്‍ കേടുപാടുണ്ടായി. വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് സാരമായ പരിക്കുമുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഗെയിന്‍സ് വില്ലെയിലെ റോഡ് അടയ്ക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.