ബെര്‍ലിന്‍: യൂറോപ്പ് തങ്ങളുടെ ആഗോള വീക്ഷണം പുനപരിശോധിക്കുകയാണെന്നും ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളുമായി ജനാധിപത്യ മൂല്യങ്ങള്‍ പങ്കിടാനും രാജ്യങ്ങള്‍ക്കിടയിലെ പൊതുതാല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുമുള്ള ശ്രമത്തിലാണെന്നും ജര്‍മന്‍ വിദേശ കാര്യമന്ത്രി യോഹാന്‍ വാഡെഫുള്‍.
വളര്‍ന്നു വരുന്ന ശക്തികളെ ബ്രിക്‌സ് ചട്ടക്കൂടിലൂടെ മാത്രമാണ് യൂറോപ്പ് നോക്കിക്കണ്ടത്. കഴിഞ്ഞ കാലങ്ങളിലെ തന്ത്രപരമായ തെറ്റായിരുന്നു ഇതെന്നും ഈ സമീപനം ഇന്ത്യ പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അനാവശ്യമായ അകല്‍ച്ച സൃഷ്ടിച്ചെന്നും വാഡെഫുള്‍ വ്യക്തമാക്കി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വാഡെഫുളിന്റെ പ്രതികരണം. ജനുവരിയില്‍ ഇന്ത്യയും 27 അംഗ യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം.
നയ രൂപകര്‍ത്താക്കള്‍ ബ്രിക്‌സ് എന്ന ലേബലിന് കീഴില്‍ വ്യത്യസ്ത രാജ്യങ്ങളെ ഒരുമിച്ച് ഗ്രൂപ്പ് ചെയ്യാന്‍ പ്രവണത കാണിച്ചിരുന്നുവെന്നും ഇത് വിപരീത ഫലമുണ്ടാക്കിയതായും അദേഹം പറഞ്ഞു. റഷ്യയോ ചൈനയോ ഉള്‍പ്പെടുന്ന ബഹുമുഖ പ്ലാറ്റ്ഫോമുകളിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളുമായുള്ള സഹകരണത്തെ അവഗണിക്കരുതെന്ന് യൂറോപ്പ് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നും വാഡെഫുള്‍ വിശദീകരിച്ചു.
ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളുമായി തങ്ങള്‍ക്ക് പൊതുവായ ധാരാളം കാര്യങ്ങളുണ്ട്. എന്തുകൊണ്ട് പൊതുവായ താല്‍പര്യങ്ങളിലും പൊതുമൂല്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൂടായെന്നും അദേഹം പറഞ്ഞു.
യൂറോപ്പിന്റെ തന്ത്രപരമായ കണക്കു കൂട്ടലുകളില്‍, പ്രത്യേകിച്ച് ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ഒരു പ്രത്യേക സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഇന്ത്യ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു.
യൂറോപ്പിന്റെ പങ്കാളിത്തം വൈവിധ്യവല്‍ക്കരിക്കാനും മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്‍ പ്രതിരോധശേഷി കെട്ടിപ്പടുക്കാനുമുള്ള വിശാലമായ ശ്രമങ്ങളെക്കുറിച്ച് വാഡെഫുള്‍ വിശദീകരിച്ചു. ജര്‍മനിയും യൂറോപ്പും വിവിധ മേഖലകളിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്ന് അദേഹം പറഞ്ഞു.