ഇസ്ലമാബാദ്: മുന്‍ പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കപില്‍ ദേവും സുനില്‍ ഗാവസ്‌കറും ഉള്‍പ്പെടെയുള്ള ലോക ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍മാര്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കത്തയച്ചു.
ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലോക ക്രിക്കറ്റിലെ 14 മുന്‍ ക്യാപ്റ്റന്‍മാര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്ത് കൈമാറിയിരിക്കുന്നത്.
മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലാണ് മുന്‍ കളിക്കാരെ ഒന്നിച്ചു ചേര്‍ത്ത് കത്ത് തയ്യാറാക്കിയത്. ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ക്ക് പുറമെ ഇയാന്‍ ചാപ്പല്‍, അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, കിം ഹ്യൂസ്, ബെലിന്‍ഡ ക്ലര്‍ക്ക്, ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ ആതര്‍ട്ടണ്‍, നാസര്‍ ഹുസൈന്‍, ഡേവിഡ് ഗവര്‍, മൈക്കല്‍ ബ്രിയര്‍ലി, വിന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് ന്യൂസീലന്‍ഡ് മുന്‍ താരം ജോണ്‍ റൈറ്റ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ കാഴ്ചശക്തി ഗണ്യമായി കുറയുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ ക്യാപ്റ്റന്‍മാര്‍ ആശങ്ക രേഖപ്പെടുത്തി. തന്റെ വലത് കണ്ണിലെ കാഴ്ച ഏകദേശം 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി അദേഹത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇമ്രാന്‍ ഖാന് വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പാക്കുക, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിക്കുക, കൃത്യമായ നിയമസഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് കത്തിലെ ആവശ്യം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ എന്തുതന്നെയായാലും അദ്ദേഹത്തിന് മാനുഷിക പരിഗണന നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
2018 മുതല്‍ 2022 വരെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍, 2023 ഓഗസ്റ്റ് മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ്. എഴുപത്തിമൂന്ന് വയസുകാരനായ ഇമ്രാന്‍ ഖാനെ പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ഡോക്ടര്‍മാരുടെ സംഘം ജയിലില്‍ എത്തിയിരുന്നു.