കനത്ത മൂടല്‍മഞ്ഞ്: ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ തടസപ്പെട്ടു

കനത്ത മൂടല്‍മഞ്ഞ്:  ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ തടസപ്പെട്ടു

ദുബായ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച തടസപ്പെട്ടു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങള്‍ വൈകുകയും വഴി തിരിച്ചു വിടുകയും ചെയ്തു.

ഷാര്‍ജയില്‍ മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് 28 ഓളം വിമാനങ്ങള്‍ വൈകിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഭൂരിഭാഗവും എയര്‍ അറേബ്യ വിമാനങ്ങളാണ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്സിന്റെ നിരവധി വിമാനങ്ങള്‍ വൈകി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ലൈന്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം കാരണം ചില വിമാനങ്ങള്‍ വൈകുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിടുകയോ ചെയ്തതായി ഫ്‌ളൈ ദുബായ് വ്യക്തമാക്കി. തടസങ്ങള്‍ കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അവര്‍ അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് വിമാന കമ്പനികളുടെ വെബ്സൈറ്റുകള്‍ വഴി വിമാനത്തിന്റെ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 'യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ യാത്രക്കാര്‍ സഹകരിക്കണമെന്നും' എയര്‍ലൈന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.