ഞാൻ ഇടപെട്ടില്ലെങ്കിൽ 3.5 കോടി പേർ കൊല്ലപ്പെട്ടേനെ; ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥനെന്ന് വീണ്ടും ട്രംപ്

ഞാൻ ഇടപെട്ടില്ലെങ്കിൽ 3.5 കോടി പേർ കൊല്ലപ്പെട്ടേനെ; ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥനെന്ന് വീണ്ടും ട്രംപ്

വാഷിങ്ടൺ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചത് താനാണെന്ന വിവാദ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഈ പരാമർശം. താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇരു രാജ്യങ്ങളും തമ്മിൽ ആണവയുദ്ധം ഉണ്ടാകുമായിരുന്നുവെന്നും കോടിക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്നുമാണ് ട്രംപിന്റെ വാദം.

"താൻ ഭരണത്തിലേറി ആദ്യ പത്ത് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങളാണ് ഇല്ലാതാക്കിയത്. ഇന്ത്യ-പാക് സംഘർഷത്തിൽ താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ 35 ദശലക്ഷം പേർ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നോട് പറഞ്ഞു."- ട്രംപ് പ്രസംഗത്തിൽ അവകാശപ്പെട്ടു. ആണവായുധങ്ങൾ കൈവശമുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള വലിയൊരു വിപത്ത് താനാണ് തടഞ്ഞതെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പ്രത്യാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ നിരവധി ഭീകര കേന്ദ്രങ്ങൾ തകർത്ത ഈ സൈനിക നടപടിക്ക് പിന്നാലെയുണ്ടായ വെടിനിർത്തൽ കരാർ തന്റെ നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്നാണ് ട്രംപിന്റെ വാദം.

ട്രംപ് ഇത്തരം അവകാശവാദങ്ങൾ മുൻപും ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇത് ശക്തമായി തള്ളിക്കളയുകയാണ് പതിവ്. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെയും മധ്യസ്ഥത ആവശ്യമില്ലെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണൂ എന്നതുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.