ടെല്‍ അവീവ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ പാര്‍ലമെന്റായ കനെസെറ്റിലെ പ്രത്യേക സമ്മേളനമാണ് മോഡിയുടെ ആദ്യ ഔദ്യോഗിക പരിപാടി.
ഇസ്രയേല്‍ പാര്‍ലമെന്റിനെ അദേഹം അഭിസംബോധന ചെയ്യും. കനെസെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഭരണാധികാരി എന്ന ചരിത്ര നേട്ടവും ഈ സന്ദര്‍ശനത്തിലൂടെ മോഡി സ്വന്തമാക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലി എന്നിവര്‍ക്ക് ശേഷം ഈ വേദിയില്‍ പ്രസംഗിക്കുന്ന വിദേശ നേതാവാകുകയാണ് നരേന്ദ്ര മോഡി. പ്രസംഗത്തിന് ശേഷം നേതാക്കള്‍ സ്വകാര്യ അത്താഴത്തിന് പോകും.
സന്ദര്‍ശന വേളയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നതിനൊപ്പം ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും അദേഹം കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതി മോഡിയും നെതന്യാഹുവുമായുള്ള ചര്‍ച്ചയില്‍ വിലയിരുത്തും. ശാസ്ത്രം, സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജല പരിപാലനം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യും.