ഓസ്‌ട്രേലിയയിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; 20 കാരൻ പിടിയിൽ; പിടിച്ചെടുത്തത് തോക്കുകളും ആക്രമണ രൂപരേഖയും

ഓസ്‌ട്രേലിയയിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; 20 കാരൻ പിടിയിൽ; പിടിച്ചെടുത്തത് തോക്കുകളും ആക്രമണ രൂപരേഖയും

പെർത്ത്: വെസ്റ്റ് ഓസ്‌ട്രേലിയയിൽ വൻതോതിലുള്ള ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇരുപതുകാരനെ ജോയിന്റ് കൗണ്ടർ ടെററിസം ടീം അറസ്റ്റ് ചെയ്തു. ബിൻഡൂൺ സ്വദേശിയായ ജെയ്‌സൺ ജോസഫ് മൈക്കിൾസ് എന്ന യുവാവാണ് പിടിയിലായത്. ഇയാൾ ഒറ്റയ്ക്ക് നടത്തിയ ഗൂഢാലോചനയാണ് പൊലീസ് തകർത്തത്.

വീറ്റ്ബെൽറ്റ് മേഖലയിലെ ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിരവധി തോക്കുകൾ, ബാലിസ്റ്റിക് വെസ്റ്റുകൾ, ഗ്യാസ് മാസ്കുകൾ, ലോക്ക് പിക്കിUd ഉപകരണങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. പൊലീസ് ആസ്ഥാനം, പാർലമെന്റ് ഹൗസ്, മുസ്ലീം ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ആക്രമിക്കാനുള്ള വിശദമായ പദ്ധതി വിവരിക്കുന്ന ഒരു നോട്ട്ബുക്ക് വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

തോക്കുകൾക്ക് പുറമെ സ്ഫോടക വസ്തുക്കൾ ശേഖരിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായി പൊലീസ് ആരോപിക്കുന്നു. കഴിഞ്ഞ മാസം ഒരു എൻക്രിപ്റ്റഡ് മെസേജിങ് ഗ്രൂപ്പ് ചാറ്റിലെ ഇയാളുടെ ഇടപെടലുകളാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ്, സെക്യൂരിറ്റി ഇൻ്റലിജൻസ് ഓർഗനൈസേഷൻ എന്നിവർ സംയുക്തമായാണ് അന്വേഷണം നടത്തിയത്. പ്രതിക്ക് ജാമ്യം നിഷേധിച്ച കോടതി റിമാൻഡ് ചെയ്തു.

സംഭവം അത്യന്തം ഞെട്ടിക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രതികരിച്ചു. ജനാധിപത്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഹൃദയത്തെ തകർക്കാനുള്ള നീക്കമാണ് ഇതെന്ന് പ്രീമിയർ റോജർ കുക്ക് പറഞ്ഞു. സമീപ കാലത്തുണ്ടായ ബോണ്ടി ബീച്ച് കൂട്ടക്കൊല ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നും വിദ്വേഷത്തെയും വിഭജനത്തെയും ജയിക്കാൻ അനുവദിക്കരുതെന്നും അദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.