ഇറാന്റെ മിസൈലുകൾ ഏഴയലത്ത് പോലും എത്തിയില്ല; യുഎസ്എസ് എബ്രഹാം ലിങ്കൺ സുരക്ഷിതമെന്ന് അമേരിക്ക

ഇറാന്റെ മിസൈലുകൾ ഏഴയലത്ത് പോലും എത്തിയില്ല; യുഎസ്എസ് എബ്രഹാം ലിങ്കൺ സുരക്ഷിതമെന്ന് അമേരിക്ക

ന്യൂയോർക്ക്: യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനെ ആക്രമിച്ചെന്ന ഇറാൻ്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് അമേരിക്ക. തങ്ങളുടെ മിസൈലുകൾ കപ്പലിൽ പതിച്ചെന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (ഐആർജിസി) പ്രസ്താവന അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗികമായി നിഷേധിച്ചു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം കടുത്തിരിക്കുകയാണ്. ഇതിനിടെയാണ് ഞായറാഴ്ച തങ്ങൾ അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാൻ പ്രഖ്യാപിച്ചത്. ശത്രു സൈന്യത്തിന് മേൽ ശക്തമായ ആക്രമണം തുടങ്ങിയെന്നും കരയും കടലും ഭീകരരുടെ ശവക്കുഴിയായി മാറുമെന്നും ഐആർജിസി അവകാശപ്പെട്ടു.

മിസൈലുകൾ കപ്പലിന്റെ ഏഴയലത്ത് പോലും എത്തിയിട്ടില്ല. കപ്പലിന് ഒരുവിധത്തിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാൻ്റെ മിസൈൽ ഭീഷണികളെ വകവെക്കാതെ യുഎസ്എസ് എബ്രഹാം ലിങ്കൺ അതിൻ്റെ ദൗത്യം തുടരുകയാണെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. മേഖലയിലെ ഭീഷണികൾ നേരിടുന്നതിനായി കപ്പലിൽ നിന്നുള്ള വിമാനങ്ങൾ തടസമില്ലാതെ പറന്നുയരുന്നുണ്ടെന്നും എക്സിലൂടെ പുറത്തുവിട്ട കുറിപ്പിൽ യുഎസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.