ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍.
കൊളംബോ: ഇറാന്റെ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം കടലില്‍ മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ ശ്രീലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇറാന്‍ നാവിക സേനയുടെ ഫ്രിഗേറ്റ് വിഭാഗത്തില്‍ വരുന്ന 'ഐആര്‍ഐഎസ് ദേന' എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. ഇതില്‍ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയുടെ തെക്കുകിഴക്കന്‍ തുറമുഖമായ ഗാലെയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആക്രമണം നടക്കുന്നതിനിടെയാണ് സംഭവം. ഇറാന്റെ നാവിക സേനയെ ആക്രമിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. നിരവധി ഇറാന്‍ യുദ്ധക്കപ്പലുകളെ തകര്‍ത്തതായും അദേഹം അവകാശപ്പെട്ടിരുന്നു.
കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേനയെ അയച്ചത്. നാവിക സേനയ്ക്കൊപ്പം വ്യോമ സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് ശ്രീലങ്ക അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ അനുസരിച്ചുള്ള തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനത്തിനുമുള്ള ബാധ്യത നിറവേറ്റുകയാണ് തങ്ങള്‍ ചെയ്തതെന്ന് ശ്രീലങ്കന്‍ നാവിക സേനാ വക്താവ് ബുദ്ധിക സമ്പത്ത് വ്യക്തമാക്കി.