കൊളംബോ: ശ്രീലങ്കന്‍ തീരത്തിന് സമീപം കടലില്‍ മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐആര്‍ഐഎസ് ദേന' തകര്‍ന്നത് അന്തര്‍വാഹിനി ആക്രമണത്തിലെന്ന് റിപ്പോര്‍ട്ട്. കപ്പലിലുണ്ടായിരുന്ന 101 പേരെ പേരെ കാണാതായതായാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് 101 പേരെ കാണാതായതായും 78 പേര്‍ക്ക് പരിക്കേറ്റതായും ശ്രീലങ്കന്‍ നാവിക സേനയെയും പ്രതിരോധ മന്ത്രാലയത്തെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ 35 നാവികരെ ശ്രീലങ്കന്‍ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശ കാര്യമന്ത്രി വിജിത ഹെറാത്ത് പാര്‍ലമെന്റിനെ അറിയിച്ചു.
കപ്പലില്‍നിന്ന് ലഭിച്ച അപായ സന്ദേശത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തെക്കന്‍ ശ്രീലങ്കയിലെ ഗാലെ തീരത്തു വെച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇറാന്റെ യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് അവകാശപ്പെട്ടിരുന്നു.
അതിനിടെ യുഎഇയെ ലക്ഷ്യമിട്ട ഇറാന്‍ ഡ്രോണുകളെ റഫാല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഫ്രാന്‍സ് അറിയിച്ചു. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്ന വിവരം ലഭ്യമായിട്ടില്ല.