ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; യു.എന്‍ പ്രമേയം സ്വാഗതം ചെയ്ത് ജിസിസി

ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; യു.എന്‍ പ്രമേയം സ്വാഗതം ചെയ്ത് ജിസിസി

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരെ ഇറാന്‍ നടത്തിയ പ്രകോപനപരമായ സൈനിക നീക്കങ്ങളെ അപലപിച്ചുകൊണ്ടുള്ള യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സ്വാഗതം ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടറുകളുടെയും നഗ്‌നമായ ലംഘനമാണ് ഇറാന്‍ നടത്തുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ് അഭൂതപൂര്‍വമായ അന്താരാഷ്ട്ര സമവായത്തോടെ പാസാക്കപ്പെട്ട ഈ പ്രമേയമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.

ജിസിസി രാജ്യങ്ങളിലെയും ജോര്‍ദാനിലെയും സാധാരണക്കാരായ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റമാണ്. 136 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചത് ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിനുള്ള ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്.

പ്രമേയം ജിസിസി രാജ്യങ്ങളുടെയും ജോര്‍ദാന്റെയും പ്രാദേശിക സമഗ്രതയ്ക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ശക്തമായ പിന്തുണ നല്‍കുന്നതായും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര സമാധാനത്തിനും ആഗോള സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗള്‍ഫ് മേഖല വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രമേയം അടിവരയിടുന്നുണ്ട്. മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ ആഗോള തലത്തില്‍ ആഘാതമുണ്ടാക്കുമെന്ന് യു.എന്‍ തിരിച്ചറിയുന്നു.

കൂടാതെ നിലവിലെ സംഘര്‍ഷങ്ങളില്‍ പങ്കാളികളല്ലാത്ത തീരദേശ രാജ്യങ്ങളുടെ തുറമുഖങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും തടസമില്ലാത്ത കപ്പല്‍ ഗതാഗതത്തിനുള്ള അവകാശം പ്രമേയം പുനസ്ഥാപിക്കുന്നുണ്ടെന്നും ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.