വാഷിങ്ടണ്‍: ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി അമേരിക്ക. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതോടെയാണ് ട്രംപ് ഭരണകൂടം ഈ അപ്രതീക്ഷിത നീക്കം നടത്തിയത്.
നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണക്കപ്പലുകളിലെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചതായി യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിക്കുകയായിരുന്നു. ഏപ്രില്‍ 11 വരെയാണ് ഈ പ്രത്യേക ലൈസന്‍സിന്റെ കാലാവധി. മാര്‍ച്ച് 12 നകം കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്കോ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കോ മാത്രമാണ് ഇളവ് ബാധകമാകുക.
അതേസമയം ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാനായി സ്വീകരിച്ച ഹ്രസ്വകാല നടപടി മാത്രമാണിതെന്നും കടലില്‍ എത്തിക്കഴിഞ്ഞ എണ്ണ വിറ്റഴിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കില്ലെന്നും ട്രഷറി വകുപ്പ് വ്യക്തമാക്കി. ഇറാന്‍ യുദ്ധം രണ്ടാം വാരത്തിലേക്ക് കടന്നതോടെ ലോകത്തെ അഞ്ചിലൊന്ന് എണ്ണ വിതരണം നടക്കുന്ന ഹോര്‍മൂസ് കടലിടുക്ക് നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇതാണ് അന്താരാഷ്ട്ര വിപണിയില്‍ പെട്ടെന്ന് വില വര്‍ധിക്കാന്‍ കാരണമായത്.