ദുബായ്: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം. കുവൈറ്റ്, യുഎഇ, സൗദി എന്നി രാജ്യങ്ങള്‍ക്ക് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം തകരാറിലായി. നിരവധി ഡ്രോണുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ദുബായിലേക്കും ഇറാന്‍ ഡ്രോണുകള്‍ ആക്രമണം നടത്തി. ഈ ശ്രമം പരാജയപ്പെടുത്തിയതായി ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. മറീന, അല്‍ സുഫൂഹ് മേഖലകളില്‍ ഉഗ്ര സ്ഫോടനം കേട്ടതായും അത് ആക്രമണ ശ്രമം പരാജയപ്പെടുത്തിയതിന്റെ ശബ്ദമാണെന്നും ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.
ഇറാന്റെ ആക്രമണ ശ്രമം പരാജ്യപ്പെടുത്തിയതായി സൗദി അറേബ്യയും വ്യക്തമാക്കി. ആറ് മിസൈലുകളും ഒന്‍പത് ഡ്രോണുകളും വെടിവച്ചു വീഴ്ത്തിയെന്നാണ് സൗദി അറിയിച്ചത്. അല്‍-ഖര്‍ജ് വ്യോമതാവളം ലക്ഷ്യമിട്ടും മിസൈല്‍ ആക്രമണ ശ്രമമുണ്ടായി. എണ്ണ ശുദ്ധീകരണശാലകളുള്ള കിഴക്കന്‍ പ്രവിശ്യയിലെ
ഡ്രോണ്‍ ആക്രമണ ശ്രമങ്ങളും പരാജയപ്പെടുത്തിയതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടും മിസൈല്‍ ആക്രമണം ഉണ്ടായെന്ന് സൗദി അറിയിച്ചു.
അതേസമയം യുഎഇയില്‍ ആക്രമണങ്ങളേക്കുറിച്ച് പ്രചാരണം നടത്തിയതിന് 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ അറസ്റ്റിലായി.