ചര്‍ച്ച ശക്തമായ വ്യവസ്ഥകളിന്മേല്‍ മാത്രം; ഇറാനുമായി ഉടന്‍ ഒരു കരാറിനും തയ്യാറല്ലെന്ന് ട്രംപ്

ചര്‍ച്ച ശക്തമായ വ്യവസ്ഥകളിന്മേല്‍ മാത്രം; ഇറാനുമായി ഉടന്‍ ഒരു കരാറിനും തയ്യാറല്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഒരു കരാറിനും തയ്യാറല്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഒരു ഉടമ്പടിക്കായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകള്‍ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേല്‍ മാത്രമേ ചര്‍ച്ചകള്‍ സാധ്യമാകൂ എന്നും അദേഹം വ്യക്തമാക്കി.

ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖൊമേനിയുടെ അവസ്ഥയെക്കുറിച്ച് ട്രംപ് വലിയ സംശയങ്ങളാണ് ഉന്നയിച്ചത്. അധികാരം ഏറ്റെടുത്ത ശേഷം ഖൊമേനി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്കറിയില്ല. ഖൊമേനിയുടെ മരണത്തെക്കുറിച്ച് പുറത്ത് വരുന്നത് വെറും കിംവദന്തികളാണോ എന്ന് വ്യക്തമല്ല. ഒരുപക്ഷേ അദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ രാജ്യത്തിനായി ബുദ്ധിപരമായ ഒരു തീരുമാനം എടുക്കണം. അത് കീഴടങ്ങുക എന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ഭാവി നേതാവായി ആരെ പിന്തുണയ്ക്കുന്നു എന്ന ചോദ്യത്തിന് മികച്ച രീതിയില്‍ രാജ്യം ഭരിക്കാന്‍ ശേഷിയുള്ള പലരും അവിടെയുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. ആഗോളതലത്തില്‍ ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റഷ്യന്‍ എണ്ണയ്ക്ക് മേലുള്ള ഉപരോധത്തില്‍ ഇളവ് വരുത്തിയ തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു. ലോകത്തിന് നിലവില്‍ എണ്ണ ആവശ്യമാണെന്നും പ്രതിസന്ധി മാറിയാല്‍ ഉടന്‍ ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും അദേഹം പറഞ്ഞു.

ഇറാനിയന്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ ഉക്രെയ്ന്‍ സൈന്യത്തിനുള്ള പരിചയം പങ്കുവെക്കാമെന്ന വ്‌ളോഡിമര്‍ സെലന്‍സ്‌കിയുടെ വാഗ്ദാനത്തെയും ട്രംപ് തള്ളിക്കളഞ്ഞു. തങ്ങള്‍ക്ക് സഹായം ആവശ്യമില്ലാത്ത അവസാനത്തെ വ്യക്തിയാണ് സെലന്‍സ്‌കി എന്നായിരുന്നു ഇക്കാര്യത്തില്‍ ട്രംപിന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.