വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിച്ചേക്കുമെന്ന് വ്യക്തമാക്കി യു.എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്. ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് റൈറ്റ് പറഞ്ഞു. യുഎസിനെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായും അദേഹം അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ രാജ്യങ്ങളുടെ ഒരു കൂട്ടായ്മ രൂപവല്‍കരിക്കാന്‍ ട്രംപ് ശ്രമിക്കുന്നതായും ഈ ആഴ്ച അവസാനം അത് പ്രഖ്യാപിക്കുമെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് ശനിയാഴ്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. അദേഹം ചൈന, ജപ്പാന്‍, യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചു. ചില രാജ്യങ്ങള്‍ യുഎസിനെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് തന്നോട് പറഞ്ഞതായും റൈറ്റ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രത്യേക പേരുകള്‍ നല്‍കാമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങളുടെ പേര് റൈറ്റ് പരാമര്‍ശിച്ചത്. താന്‍ ആ രാജ്യങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും റൈറ്റ് പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാന്‍, കൊറിയ, ചൈന, തായ്‌ലന്‍ഡ്, ഇന്ത്യ എന്നിവയുടെ മൊത്തം ഊര്‍ജ വിതരണത്തിന്റെ ഒരു പ്രധാന ഭാഗം ഹോര്‍മുസ് കടലിടുക്കിലൂടെയാണ് വരുന്നതെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതില്‍ ലോകം ഒന്നിക്കുമെന്നും യു.എസിന്റെ ആ ലക്ഷ്യം നേടാന്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണയുണ്ടാകുമെന്നും റൈറ്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും യു.എസ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് മാത്രമാണ് യാത്ര നിരോധിച്ചിട്ടുള്ളതെന്നും ഇറാന്‍ പറഞ്ഞിരുന്നു.