വാഷിങ്ടൺ ഡിസി: ബൈബിൾ ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളിൽ സാന്നിധ്യമറിയിച്ച സ്ത്രീരത്നങ്ങളുടെ ജീവിതകഥ പറയുന്ന “The Faithful: Women of the Bible” എന്ന ബൈബിൾ പരമ്പര സംപ്രേഷണത്തിനൊരുങ്ങുന്നു. മാർച്ച് 22 മുതൽ പ്രമുഖ ചാനലായ ഫോക്സിലൂടെയാണ് പരമ്പര ആഗോളതലത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെ ജീവിതം അവരുടെ ഭാര്യമാരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ സീരീസിനെ ശ്രദ്ധേയമാക്കുന്നത്.
ബൈബിൾ ചരിത്രത്തിൽ പലപ്പോഴും പുരുഷ കഥാപാത്രങ്ങളുടെ നിഴലിലായിപ്പോയ സാറ, ഹാഗാർ, റബേക്ക, ലയ, റാഹേൽ എന്നിവരുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പരമ്പരയുടെ കാതൽ. കേവലം വിശുദ്ധരെന്നതിലുപരി പ്രതിസന്ധികളിൽ തളരുന്നവരും മനുഷ്യ സഹജമായ വീഴ്ചകൾ സംഭവിക്കുന്നവരുമായിട്ടാണ് ഇവരെ ചിത്രീകരിച്ചിരിക്കുന്നത്. ഈ വീഴ്ചകൾക്കിടയിലും ദൈവം എങ്ങനെ അവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെന്ന് സീരീസ് അടിവരയിടുന്നു.
തന്റെ വ്യക്തി ജീവിതത്തിലെ നീണ്ട കാത്തിരിപ്പുകളും പ്രാർത്ഥനാനുഭവങ്ങളുമാണ് ഇത്തരമൊരു സീരീസ് ഒരുക്കാൻ തനിക്ക് പ്രചോദനമായതെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റിനെ എച്ചെവാരിയ പറഞ്ഞു. വിശ്വാസവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ പരമ്പര ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിനാണ് സമാപിക്കുന്നത്.