ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന്റെ സൈനിക ശേഷി വലിയ തോതില്‍ തകര്‍ക്കപ്പെട്ടതായും പ്രത്യാക്രമണ ശേഷി കുറഞ്ഞതായും വിലയിരുത്തല്‍.
സംയുക്ത വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികള്‍ ഏതാണ്ട് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടതായാണ് അമേരിക്കയും ഇസ്രയേലും കരുതുന്നത്. അതിനാല്‍ തന്നെ യുദ്ധം വേഗം അവസാനിക്കുമെന്നാണ് ട്രംപും നെതന്യാഹുവും നല്‍കുന്ന പുതിയ സൂചനകള്‍.
ഇറാന്റെ സൈനിക-വ്യവസായ ശക്തി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത സൈനിക നടപടികള്‍ നടപ്പിലാക്കിയത്. ഇതിലൂടെ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ഉല്‍പാദന കേന്ദ്രങ്ങള്‍, സംഭരണ ശാലകള്‍, വിതരണ ശൃംഖലകള്‍ എന്നിവ വ്യവസ്ഥാപിതമായി ലക്ഷ്യം വെച്ച് നശിപ്പിച്ചു.
നിലവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷി യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള അവസ്ഥയേക്കാള്‍ എട്ട് മുതല്‍ 10 ശതമാനം വരെയായി കുറഞ്ഞതായാണ് വിവരം. യുദ്ധത്തിന് മുമ്പ് 410 മുതല്‍ 500 വരെ മിസൈല്‍ ലോഞ്ചറുകള്‍ ഇറാന്റെ പക്കലുണ്ടായിരുന്നു. എന്നാല്‍ യുദ്ധം മൂന്നാഴ്ച പിന്നിട്ടതോടെ ഇത് ഏകദേശം 100 മുതല്‍ 180 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്‍ വിക്ഷേപിക്കുന്ന മിസൈലുകളുടെ എണ്ണം താരതമ്യപ്പെടുത്തിയാണ് ഈ വിലയിരുത്തല്‍. ഇറാന്റെ മിസൈല്‍ വിക്ഷേപണ നിരക്കില്‍ ഏകദേശം 90-92 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മാത്രമല്ല ഡ്രോണ്‍ ശേഖരത്തിലും വലിയ കുറവുണ്ടായി. യുദ്ധം തുടങ്ങിയ ശേഷം രണ്ടായിരത്തിലധികം ഡ്രോണുകള്‍ ഇറാന്‍ ഉപയോഗിച്ചു കഴിഞ്ഞു. അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളില്‍ ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്കും കമാന്‍ഡ് സെന്ററുകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 80-85 ശതമാനം വരെ തകര്‍ക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. കൂടാതെ, അവരുടെ കമാന്‍ഡ് ഘടനയും നാവിക ശേഷിയും നിലവില്‍ ദുര്‍ബലമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെറിയ തോതിലുള്ളതും ഹ്രസ്വകാലത്തേക്കുള്ളതുമായ മിസൈല്‍, ഡ്രോണ്‍ വിക്ഷേപണങ്ങള്‍ നടത്താന്‍ ഇറാന് ഇപ്പോഴും സാധിക്കുമെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വലിയ ആക്രമണങ്ങള്‍ നടത്താനുള്ള അവരുടെ ശേഷി ഇല്ലാതായി.
നതാന്‍സ്, ഫോര്‍ഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടുത്തെ യുറേനിയം സമ്പുഷ്ടീകരണ ശേഷി തടസപ്പെട്ട അവസ്ഥയിലാണ്. സെന്‍ട്രിഫ്യൂജുകള്‍, പവര്‍ സിസ്റ്റങ്ങള്‍, ഓപ്പറേഷണല്‍ ഹാളുകള്‍ എന്നിവയ്ക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ ഉപരിതലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അവിടേക്കുള്ള പ്രവേശന മാര്‍ഗങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇസ്ഫഹാനിലെ യുറേനിയം കണ്‍വേര്‍ഷന്‍ കോംപ്ലക്സിലും താലേഘാന്‍ ടെസ്റ്റിങ് സൈറ്റിലും ആക്രമണങ്ങള്‍ നടന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഫലത്തില്‍ തകര്‍ക്കപ്പെട്ട നിലയിലാണ്. ഇത് പുനര്‍നിര്‍മിച്ചെടുക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്നം വേണ്ടിവരും. ഇറാന്റെ ആണവ പദ്ധതികളെ വര്‍ഷങ്ങളോളം വൈകിപ്പിക്കാന്‍ ഈ തിരിച്ചടി കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.