സെറെഗ്നോ (ഇറ്റലി): പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ച് 106-ാം വയസിലും ഡിജിറ്റൽ ലോകത്തെ പുതിയ സുവിശേഷകയായി മാറുകയാണ് ഇറ്റലിയിൽ നിന്നുള്ള ഒരു സന്യാസിനി. ഇറ്റലിയിലെ സെറെഗ്നോയിലുള്ള മിണ്ടാമഠത്തിന്റെ നാലുചുവരുകൾക്കുള്ളിലിരുന്ന് യൂട്യൂബിലൂടെ സുവിശേഷം പ്രഘോഷിക്കുന്ന സിസ്റ്റർ അന്ന മരിയ ഓഫ് ദി സേക്രഡ് ഹാർട്ട് ആണ് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഇപ്പോൾ അത്ഭുതമാകുന്നത്.
വാർധക്യസഹജമായ അവശതകളെ വകവെക്കാതെ, മഠത്തിലെ രോഗികളായ മറ്റ് സന്യാസിനികളെ ശുശ്രൂഷിക്കുന്നതിലും ഈ നൂറ്റാറുകാരി മുൻപന്തിയിലുണ്ട്.
കഴിഞ്ഞ എൺപതിലേറെ വർഷങ്ങളായി സന്യാസ ജീവിതം നയിക്കുകയാണ് സിസ്റ്റർ അന്ന മരിയ. സന്യാസ ജീവിതത്തിന്റെ കർശനമായ ചിട്ടവട്ടങ്ങൾ പാലിക്കുമ്പോഴും ആധുനിക സാങ്കേതികവിദ്യയെ സുവിശേഷവൽക്കരണത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇവർ തെളിയിക്കുന്നു.
താൻ വിശ്വസിക്കുന്ന സത്യങ്ങൾ ലോകത്തോട് പങ്കുവെക്കാൻ മഠത്തിന് പുറത്തിറങ്ങണമെന്നില്ലെന്ന സന്ദേശമാണ് സിസ്റ്റർ നൽകുന്നത്. യൂട്യൂബ് പ്ലാറ്റ്‌ഫോമിലൂടെ തന്റെ ആത്മീയ ചിന്തകളും പ്രാർത്ഥനകളും ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് ഇവർ എത്തിക്കുന്നു.
മഠത്തിലെ പ്രായം കുറഞ്ഞ സന്യാസിനികൾക്ക് പോലും ഊർജസ്വലതയുടെ വലിയൊരു മാതൃകയാണ് സിസ്റ്റർ അന്ന.
രോഗീപരിചരണത്തിനും പ്രാർത്ഥനയ്ക്കും ശേഷമുള്ള ഒഴിവുസമയങ്ങളിലാണ് ഇവർ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പുതിയ തലമുറയുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഈ 106-ാം വയസിലും അവർ സമയം കണ്ടെത്തുന്നുണ്ട്.
പ്രായത്തിന്റെ തളർച്ചകളെ സ്നേഹത്തിന്റെ കരുത്തുകൊണ്ട് അതിജീവിക്കാമെന്ന വലിയ സന്ദേശമാണ് സിസ്റ്റർ അന്ന മരിയ തന്റെ ജീവിതത്തിലൂടെയും ഓരോ വീഡിയോയിലൂടെയും സമൂഹത്തിന് നൽകുന്നത്.