വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഇറാനെതിരായ യുദ്ധത്തില്‍ യു.എസ്-ഇസ്രയേല്‍ സഖ്യം വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ ഭീഷണി. യു.എസിന് ഹോര്‍മുസ് കടലിടുക്ക് ആവശ്യമില്ല. യൂറോപ്പിനും കൊറിയയ്ക്കും ജപ്പാനും ചൈനക്കും അത് ആവശ്യമുണ്ട്. അതിനാല്‍ അതിന്റെ സുരക്ഷ അവര്‍ നോക്കട്ടെ എന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.
അതേസമയം ട്രംപിന്റെ അന്ത്യ ശാസനത്തിന് മറുപടിയായി മേഖലയിലെ യു.എസിന്റെ ഊര്‍ജ-സാങ്കേതിക സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ ഇന്ധന, ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ യു.എസിന്റെയും മേഖലയിലെ ഭരണകൂടങ്ങളുടെയും ഊര്‍ജ, വിവര സാങ്കേതിക വിദ്യ, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങളെയും ലക്ഷ്യം വെയ്ക്കുമെന്ന് ഇറാന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.