ടെല്‍ അവീവ്: ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമാക്കി ഇറാന്റെ മിസൈല്‍ ആക്രമണം. 39 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മൂന്നു നില കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.
ഷിമണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥിതി ചെയ്യുന്ന, ഇസ്രയേലിലെ തെക്കന്‍ നഗരമായ ഡിമോണയിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് മിസൈല്‍ പതിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയില്‍ മിസൈല്‍ ആക്രമണമുണ്ടാകുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മിസൈല്‍ ആക്രമണത്തില്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ തീപിടുത്തമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആണവ വികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു.
ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് തങ്ങള്‍ ഇസ്രയേലിന്റെ ആണവ പദ്ധതിയെ ലക്ഷ്യം വെച്ചതെന്ന് ഇറാന്‍ അറിയിച്ചു. എന്നാല്‍ നതാന്‍സിലെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നിലപാട്.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫാല്‍ മരിയാനോ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങള്‍ക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.