സ്പാനിഷ് പ്രധാനമന്ത്രിയുടെ യുദ്ധവിരുദ്ധ സന്ദേശം സ്റ്റിക്കറാക്കി മിസൈലില്‍ പതിച്ച് ഇസ്രയേലിനയച്ച് ഇറാന്‍

സ്പാനിഷ് പ്രധാനമന്ത്രിയുടെ യുദ്ധവിരുദ്ധ സന്ദേശം സ്റ്റിക്കറാക്കി മിസൈലില്‍ പതിച്ച്  ഇസ്രയേലിനയച്ച് ഇറാന്‍

ടെഹ്റാന്‍: സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസിന്റെ യുദ്ധ വിരുദ്ധ പരാമര്‍ശങ്ങളുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ച ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്കയച്ച് ഇറാന്‍. 'ഈ യുദ്ധം നിയമ വിരുദ്ധമെന്ന് മാത്രമല്ല, മനുഷ്യത്വ രഹിതവുമാണ്, നന്ദി പ്രധാനമന്ത്രി' എന്ന വാചകങ്ങളാണ് സ്റ്റിക്കറിലുള്ളത്. പെട്രോയുടെ ചിത്രവും സ്റ്റിക്കറിലുണ്ട്. ഇംഗ്ലീലും പേര്‍ഷ്യന്‍ ഭാഷയിലുമാണ് കുറിപ്പുള്ളത്.

യുദ്ധം വേണ്ട എന്ന നിലപാടാണ് സ്പെയിനിന്റേത് എന്ന് കഴിഞ്ഞ ദിവസം പെട്രോ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായുള്ള യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം നീതികേടും നിയമ വിരുദ്ധവും അപകട സാധ്യതയേറിയതാണെന്നും പെട്രോ ചൂണ്ടിക്കാട്ടിയിരുന്നു.

ഇറാനെതിരായ ആക്രമണങ്ങള്‍ക്കായി സ്‌പെയിനിലെ റോട്ട നാവിക താവളത്തിലേക്കും മൊറോണ്‍ വ്യോമ താവളത്തിലേക്കും അമേരിക്ക പ്രവേശനാനുമതി ചോദിച്ചിരുന്നെങ്കിലും സ്‌പെയിന്‍ പ്രവേശനം നിഷേധിച്ചിരുന്നു. പിന്നാലെ സ്‌പെയിനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലും സ്പാനിഷ് പ്രധാനമന്ത്രി തന്റെ നിലപാട് ആവര്‍ത്തിച്ചു. യുദ്ധം നിയമ വിരുദ്ധമാണെന്നും പൗരന്മാര്‍ക്ക് ദോഷകരവുമാണെന്നുമാണ് പെട്രോ പറഞ്ഞത്. വികസ്വര രാജ്യങ്ങളില്‍ യുദ്ധം ഇതിനകം തന്നെ നാടുകടത്തലിനും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുമുന്‍പും സന്ദേശങ്ങള്‍ പതിപ്പിച്ച മിസൈലുകള്‍ ആക്രമണത്തിനായി ഇറാന്‍ ഉപയോഗിച്ചിരുന്നു. പശ്ചിമേഷ്യയില്‍ നിന്ന് അവസാന സൈനികനും പിന്‍വാങ്ങുന്നത് വരെ യുദ്ധം തുടരുമെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ പതിപ്പിച്ച മിസൈലുകളുടെ ദൃശ്യങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.