കുവൈറ്റ് സിറ്റി: ഓണ്‍ലൈന്‍ പ്‌ളാറ്റ്ഫോമുകള്‍ വഴി പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ച് കുവൈറ്റ്. കുവൈറ്റ് വാണിജ്യ മന്ത്രി ഒസാമ ബൂദായിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഔദ്യോഗിക ഗസറ്റായ കുവൈറ്റ് ടുഡേയില്‍ പ്രസിദ്ധീകരിച്ച നിയമം ഉടനടി പ്രാബല്യത്തില്‍ വരും.
പുതിയ നിയമ പ്രകാരം സിഗരറ്റ്, പുകയില ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് സിഗരറ്റ്, അതുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ തുടങ്ങിയവ ഡെലിവറി ആപ്പുകള്‍ വഴി വില്‍ക്കാനോ വാങ്ങാനോ പാടുള്ളതല്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആദ്യ ഘട്ടത്തില്‍ താക്കീത് നല്‍കും. നിയമ ലംഘനം തുടര്‍ന്നാല്‍ സ്ഥാപനങ്ങള്‍ താല്‍കാലികമായി അടച്ചുപൂട്ടും. ആവര്‍ത്തിച്ച് നിയമം ലംഘിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമം നടപ്പിലാക്കാന്‍ പൂര്‍ണ ഉത്തരവാദിത്തം നല്‍കിയിട്ടുള്ളതായും മന്ത്രാലയം അറിയിച്ചു.