വാഷിങ്ടണ്‍: ചന്ദ്രനില്‍ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ചാന്ദ്ര പദ്ധതികള്‍ പുനര്‍ നിര്‍വചിച്ച് നാസ. ഗവേഷണ നിലയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ 2029 ഓടെ ചന്ദ്രനില്‍ ആരംഭിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേത് പോലെ ഓരോ ആറ് മാസം കൂടുമ്പോഴും ചന്ദ്രനിലേയ്ക്ക് മനുഷ്യരെ അയക്കുകയും അവിടെ താമസിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ കൂടുതല്‍ റോബോട്ടിക് ദൗത്യങ്ങള്‍ അയച്ച് ഉപരിതല പഠനം നടത്തും. റോവറുകള്‍, ലാന്‍ഡറുകള്‍ എന്നിവ നിര്‍മിക്കുന്നതിനും അയക്കുന്നതിനും സ്വകാര്യ കമ്പനികളുടെ സഹായം നാസ തേടും.
ഏകദേശം 20 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ദൗത്യം പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആവശ്യമായ ഉപകരണങ്ങളും റോവറുകളും പരീക്ഷണാര്‍ത്ഥം ചന്ദ്രനിലെത്തിക്കും. രണ്ടാം ഘട്ടത്തില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. മൂന്നാം ഘട്ടത്തോടെ മനുഷ്യര്‍ക്ക് ദീര്‍ഘ കാലം അവിടെ കഴിയാന്‍ പാകത്തിലുള്ള സ്ഥിരമായ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.
2027 മുതല്‍ എല്ലാ മാസവും ഓരോ ചാന്ദ്ര ദൗത്യങ്ങള്‍ വീതം നടത്താനാണ് തീരുമാനം. ഇത്തരത്തില്‍ 2032 ഓടെ മനുഷ്യരുടെ സ്ഥിരം സാന്നിധ്യം ചന്ദ്രനില്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ വ്യക്തമാക്കി. വെറും പതാക നാട്ടുകയോ കാല്‍പ്പാടുകള്‍ പതിപ്പിക്കുകയോ മാത്രമല്ല, ചന്ദ്രനില്‍ ജീവിക്കുക എന്നതാണ് പുതിയ ദൗത്യമെന്ന് അദേഹം വ്യക്തമാക്കി.