ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍ക്ക് സുരക്ഷാ അകമ്പടി നല്‍കാന്‍ നാവിക സേന. 'ഓപ്പറേഷന്‍ ഊര്‍ജ സുരക്ഷ' എന്ന് പേരിട്ട ദൗത്യത്തിലൂടെ ഹോര്‍മുസില്‍ പ്രതിസന്ധി നേരിടുന്ന കപ്പലുകളെ ഇന്ത്യന്‍ നാവിക സേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യന്‍ നാവിക സേനയുടെ അഞ്ചിലേറെ കപ്പലുകള്‍ ഹോര്‍മൂസിന് സമീപം വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. എല്‍പിജി, എല്‍എന്‍ജി, ക്രൂഡ് ഓയില്‍ അടക്കമുള്ളവയുമായി നിലവില്‍ 20 കപ്പലുകളാണ് ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവയെ രാജ്യത്തെത്തിക്കുകയാണ് 'ഓപ്പറേഷന്‍ ഊര്‍ജ സുരക്ഷ'യിലൂടെ നാവിക സേന ലക്ഷ്യം വെക്കുന്നത്.
നേരത്തെ രണ്ട് ഇന്ധന ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നിരുന്നു. ഇവയ്ക്ക് നാവികസേന അകമ്പടി നല്‍കിയിരുന്നു. 92000 ടണ്‍ എല്‍പിജിയാണ് ഈ കപ്പലുകളില്‍ ഉള്ളതെന്നാണ് വിവരം. ഇവ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെത്തും.
അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ പലയിടങ്ങളിലായി ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവ കപ്പലുകള്‍ക്ക് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസില്‍കൂടി കടന്നു പോകാമെന്ന് നേരത്തെ ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷിത മാര്‍ഗങ്ങളില്‍ കൂടിയായിരിക്കും ഇന്ത്യന്‍ കപ്പലുകള്‍ കടന്നു പോകുകയെന്നും നാവിക സേന ഇവയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.