വെല്ലിങ്‌ടൺ: ന്യൂസിലൻഡിലെ വെല്ലിങ്‌ടണിലുള്ള മാക്കറയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശിയായ പ്രിൻസ് പോൾ ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം വെല്ലിങ്‌ടണിലെയും നാട്ടിലെയും മലയാളി സമൂഹത്തെ ഒന്നടങ്കം നോവിലാഴ്ത്തിയിരിക്കുകയാണ്.
പ്രിൻസിന്റെ വിയോഗത്തോടെ ഭാര്യ ബെറ്റിനയും മൂന്ന് വയസും ഒന്നര വയസുമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമാണ് തനിച്ചായത്. ഒരു നിമിഷം കൊണ്ട് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട ഈ കുടുംബത്തിന്റെ ദുഖത്തിൽ പ്രവാസി മലയാളി സമൂഹം പങ്കുചേരുന്നു. പ്രിൻസിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് വെല്ലിങ്‌ടൺ മലയാളി അസോസിയേഷൻ ഭാരവാഹികൾ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കുന്നതിനുമായി 'Givealittle' പേജ് വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ചെറിയ സഹായങ്ങൾ പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പണം കണ്ടെത്താനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം നാട്ടിൽ നടക്കും.
യൂബർ ഓടിക്കുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.ന്യൂസിലാൻഡ് സ്വദേശിയായ ഒരാളും മരണപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സഹായം നൽകാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിക്കാം:
https://givealittle.co.nz/cause/please-help-prince-pauls-family-today