യുകെയിൽ കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഏഴ് പേർക്ക് പരിക്ക്; പ്രതി മലയാളിയെന്ന് സൂചന

യുകെയിൽ കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഏഴ് പേർക്ക് പരിക്ക്; പ്രതി മലയാളിയെന്ന് സൂചന

ലണ്ടൻ: യുകെയിലെ ഡെർബി നഗരമധ്യത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഫ്രയർ ഗേറ്റ് പ്രദേശത്ത് രാത്രി 9.30 ഓടെയാണ് സംഭവം. അമിതവേഗതയിലെത്തിയ കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ കാൽനട യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെങ്കിലും ആരുടെയും ജീവന് ഭീഷണിയില്ലെന്ന് പൊലീസ് അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട് 30 വയസുകാരനായ ഡ്രൈവറെ പൊലീസ് സ്ഥലത്തു നിന്നു തന്നെ കസ്റ്റഡിയിലെടുത്തു. ഇയാൾ ഇന്ത്യൻ വംശജനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ വ്യക്തി മലയാളിയാണെന്നാണ് പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. പ്രതിക്കെതിരെ കൊലപാതക ശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങി നാലോളം ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

അപകടം നടന്നയുടനെ സ്ഥലത്തെത്തിയ പാരാമെഡിക്കൽ സംഘം പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഇവരെ റോയൽ ഡെർബി ആശുപത്രിയിലേക്കും നോട്ടിങ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിലേക്കും മാറ്റി. സംഭവത്തെ തുടർന്ന് ഡെർബി നഗരമധ്യത്തിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

അപകടമുണ്ടാകാനുള്ള സാഹചര്യം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ വിവരങ്ങൾ കൈമാറണമെന്നും ഡെർബി പൊലീസ് അഭ്യർത്ഥിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചുവരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.