പേടകത്തിന്റെ ടോയ്ലെറ്റിന്റെ പ്രവര്‍ത്തനത്തില്‍ ചില പ്രശ്നങ്ങള്‍. പരിഹരിക്കാന്‍ ശ്രമം തുടരുന്നു.
ഫ്‌ളോറിഡ: ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമാകുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം റോക്കറ്റില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ടു. നാല് ബഹിരാകാശ സഞ്ചാരികളാണ് ഇതിലുള്ളത്.
ഇതിന്റെ വീഡിയോ ദൃശ്യം നാസ പുറത്തുവിട്ടു. നേരത്തെ നിശ്ചയിച്ചിരുന്ന സുപ്രധാന പരിശോധനകള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഓറിയോണിലെ യാത്രികര്‍ പേടകത്തെ സ്വന്തമായി നിയന്ത്രിക്കുകയായിരുന്നുവെന്ന് വീഡിയോ പങ്കുവെച്ച് നാസ അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് ആര്‍ട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചത്. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ചരിത്രപരമായ ദൗത്യത്തിന് നാലംഗ സംഘം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നാസയുടെ അപ്ഡേറ്റ് വരുന്നത്. അപ്പോളോ 11 ദൗത്യങ്ങള്‍ക്ക് ശേഷം 50 വര്‍ഷത്തിനിപ്പുറമുള്ള ആദ്യത്തെ മനുഷ്യന്‍ ഉള്‍പ്പെട്ട ചാന്ദ്ര ദൗത്യമാണിത്.
അതിനിടെ, ഓറിയോണ്‍ പേടകത്തിന്റെ ടോയ്ലെറ്റിന്റെ പ്രവര്‍ത്തനത്തില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികര്‍ മിഷന്‍ കണ്‍ട്രോളിന്റെ പിന്തുണയോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. 2020 ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച ടോയ്‌ലെറ്റിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണിത്.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് 39 ബിയില്‍ നിന്ന് നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ദൗത്യം വിക്ഷേപിച്ചത്. ദൗത്യം ഏകദേശം 10 ദിവസം നീണ്ടുനില്‍ക്കും. നാസയുടെ സഞ്ചാരികളായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി യാത്രികനായ ജെറമി ഹാന്‍സെന്‍ എന്നിവരാണ് സംഘത്തിലുള്ളത്.