ക്രൈസ്തവ വിശ്വാസത്തിന്റെ രണ്ട് പ്രധാന മൂലക്കല്ലുകളാണ് ക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവും. കാല്‍വരിയിലെ മഹാ ത്യാഗത്തിന്റെ ഓര്‍മ പേറുന്ന ദിവസമായ ദുഖവെള്ളി എങ്ങനെ ഇംഗ്ലീഷില്‍ 'ഗുഡ് ഫ്രൈഡെ'യായി എന്നത് വിശ്വാസികള്‍ക്കിടയില്‍ മാത്രമല്ല വിജാതീയര്‍ക്കിടയിലും ഉയരുന്ന ചോദ്യമാണ്.
ലോക ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദിവസം എങ്ങനെയാണ് നല്ല ദിനമെന്ന് അറിയപ്പെടുന്നത്?.. ഇംഗ്ലീഷ് ഭാഷയില്‍ 'ബാഡ് ഫ്രൈഡേ' എന്ന് അടയാളപ്പെടുത്താമായിരുന്നിട്ടു കൂടി ഈ ദിവസം എങ്ങനെ 'ഗുഡ് ഫ്രൈഡേ' ആയി?... ചോദ്യങ്ങള്‍ പലതാണ്.
ദൈവപുത്രനായ യേശുക്രിസ്തു പാപരഹിതനായിരുന്നിട്ടും ലോകത്തിന്റെ പാപങ്ങള്‍ ഏറ്റെടുത്ത് സ്വയം ബലിയായി തീര്‍ന്ന ദിവസം 'ഗുഡ് ഫ്രൈഡെ' ആയതിന്റെ നിരവധി കഥകളാണ് ചരിത്രത്തിലുള്ളത്. ചിലത് ഭാഷാപരമായി, മറ്റ് ചിലത് വിശ്വാസ തലത്തില്‍. എങ്കിലും പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചരിത്രകാരന്‍മാരും മതപണ്ഡിതന്‍മാരും വിവരിക്കുന്നത്.
ഭാഷാപരമായ അര്‍ത്ഥം (Etymology): പുരാതന ഇംഗ്ലീഷില്‍ 'Good' എന്ന വാക്കിന് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന 'നല്ലത്' എന്ന അര്‍ത്ഥത്തിന് പുറമെ 'വിശുദ്ധമായ' (Holy/Pious) എന്നൊരു അര്‍ത്ഥം കൂടിയുണ്ടായിരുന്നു. അതുകൊണ്ട് 'Good Friday' എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'വിശുദ്ധ വെള്ളി' (Holy Friday) എന്നാണ് അര്‍ത്ഥമാക്കുന്നത്. ബൈബിളിനെ 'Good Book' എന്ന് വിളിക്കുന്നതും ഇതേ അര്‍ത്ഥത്തിലാണ്.
ചില ഭാഷാ പണ്ഡിതരുടെ അഭിപ്രായത്തില്‍ ഗോഡ് ഫ്രൈഡേ (God Friday) എന്നത് പിന്നീട് ഗുഡ് ഫ്രൈഡേ (Good Friday) ആയതാകാം എന്നും പറയുന്നു. യാത്രാ മംഗളങ്ങളായി 'ദൈവം നിന്നോട് കൂടെ ഉണ്ടായിരിക്കട്ടെ' എന്ന് അര്‍ത്ഥം വരുന്ന 'ഗോഡ് ബീ വിത്ത്' (God be with) ക്രമേണ 'ഗുഡ്ബൈ' (Good Bye) ആയതു പോലെ ഒരു മാറ്റം ആയിരിക്കാം 'ഗോഡ് ഫ്രൈഡേ' 'ഗുഡ് ഫ്രൈഡേ' ആയതിനു പിന്നില്‍ എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.
രക്ഷാകരമായ ദൗത്യം (Salvation): ക്രൈസ്തവ വിശ്വാസമനുസരിച്ച് മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരമായി യേശുക്രിസ്തു സ്വയം ബലിയായി തീര്‍ന്ന ദിവസമാണിത്. കുരിശുമരണമില്ലാതെ ഉത്ഥാനമില്ല... പാപച്ചെളിയില്‍ വീണ മനുഷ്യര്‍ക്ക് ഈ മരണം മൂലം ദൈവവുമായി വീണ്ടും അടുക്കാനും നിത്യജീവന്‍ പ്രാപിക്കാനും വഴി തെളിഞ്ഞു. ഈ വലിയ നന്മ ലോകത്തിന് ലഭിച്ച ദിനമായതിനാലാണ് ഇതിനെ 'ഗുഡ് ഫ്രൈഡേ' എന്ന് വിളിക്കുന്നത്.
ഉത്ഥാനത്തിലേക്കുള്ള പ്രത്യാശയുടെ വാതില്‍: ദുഖവെള്ളിയാഴ്ചയിലെ കഷ്ടപ്പാടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈസ്റ്ററിലെ ഉത്ഥാനത്തിന്റെ സന്തോഷം ഉണ്ടാകുമായിരുന്നില്ല. മരണത്തിന് മേല്‍ ജീവന്‍ വിജയം വരിച്ച ആ മഹത്തായ സംഭവത്തിന്റെ തുടക്കം ഈ വെള്ളിയാഴ്ചയാണ്. അതുകൊണ്ട് വിശ്വാസികള്‍ക്ക് ഇത് ദുഖത്തോടൊപ്പം തന്നെ വലിയൊരു പ്രത്യാശയുടെയും നന്മയുടെയും ദിനമാണ്. അതിനാല്‍ 'ഗുഡ് ഫ്രൈഡേ' എന്ന് വിളിക്കുന്നു.
വിശുദ്ധ നാട്ടില്‍ ഈ ദിവസം ബിഗ് ഫ്രൈഡേ (Big Friday) എന്ന പേരിലാണ് ആചരിക്കുന്നത്. ഹോളണ്ട്, ഗ്രീസ് പോലെയുള്ള രാജ്യങ്ങളില്‍ ഇത് ഹോളി ഫ്രൈഡേയാണ് (Holy Friday). ചുരുക്കത്തില്‍ അടിസ്ഥാന വിശ്വാസം ഏകമായിരിക്കുകയും എന്നാല്‍ വ്യത്യസ്തമായ പേരുകളാല്‍ സമ്പന്നവുമായ ഒരു ക്രൈസ്തവ ദിനം... അതാണ് നമ്മള്‍ പിന്തുടരുന്ന ദുഖവെള്ളി.