ജെറുസലേം: യുദ്ധത്തിന്റെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും വിശ്വാസതീക്ഷ്ണത കൈവിടാതെ ഇസ്രയേലിലെ സീ ന്യൂസ് കുടുംബം വിശുദ്ധ വാരപ്പിറവിയും ഈസ്റ്ററും സമുചിതമായി കൊണ്ടാടി. ജെറുസലേം ഡോൺ ബോസ്കോ മേജർ സെമിനാരിയിൽ ഒത്തു ചേർന്ന പ്രവാസി മലയാളികൾ യുദ്ധഭൂമിയിലാണെന്ന യാഥാർത്ഥ്യം വിസ്മരിച്ച് പ്രത്യാശയുടെയും ഐക്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നു.
പെസഹാ വ്യാഴം മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള കർമ്മങ്ങൾക്ക് റെവ. ഫാ. ജോസ് കൊച്ചാകുന്നേൽ എസ്.ഡി.ബി ആത്മീയ നേതൃത്വം നൽകി. പെസഹാ ദിനത്തിൽ അപ്പം മുറിച്ചു നൽകിക്കൊണ്ട് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മാതൃക അദേഹം വിശ്വാസികൾക്ക് പകർന്നുനൽകി.
ദുഖവെള്ളിയാഴ്ച നടന്ന ഭക്തിനിർഭരമായ തിരുകർമ്മങ്ങൾക്ക് റെവ. ഫാ. ബാബു ജോസ് OFM Cap. നേതൃത്വം നൽകി. യേശുദേവൻ കുരിശു മരണത്തിലേക്ക് നടന്ന കാൽവരിയിലെ അതേ പാതയിലൂടെ വിശ്വാസികൾ കുരിശിന്റെ വഴി നടത്തിയത് ഹൃദയസ്പർശിയായ അനുഭവമായി.
ജെറുസലേം വില്ലയുടെ രക്ഷാധികാരിയും സി ന്യൂസ് അംഗവുമായ ഷിജോ ജോസ് ഒരുക്കിയ സ്വാദിഷ്ടമായ ഉച്ചഭക്ഷണം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ദുഖവെള്ളിയാഴ്ച കേരളീയ തനിമയിൽ കഞ്ഞിയും പയറും അച്ചാറും പപ്പടവും സിന്യൂസ് കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് പാകം ചെയ്ത് കഴിച്ചു. പ്രതിസന്ധികൾക്കിടയിലും പരസ്പര സ്നേഹവും ഐക്യവും കാത്തുസൂക്ഷിക്കാൻ ഈ ഒത്തുചേരൽ വലിയ കരുത്തായെന്ന് അംഗങ്ങൾ പറഞ്ഞു.
സിന്യൂസ് ഭാരവാഹികളായ സ്റ്റീഫൻ മാത്യു (കോർഡിനേറ്റർ), ലിൻസി മാത്യു (അസി. കോർഡിനേറ്റർ), റ്റിസ്സി ഷാജി (സെക്രട്ടറി), ജോർജിൻ ജോസ് (ജോയിന്റ് സെക്രട്ടറി), ബിൻസി മാത്യു, ഷീന സണ്ണി, സുനിമോൾ ജെയിംസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) ആഗ്നസ് ജെയിംസ് (സീ ന്യൂസ് മെമ്പർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഈസ്റ്റർ ആഘോഷങ്ങളുടെയും തിരുകർമ്മങ്ങളുടെയും വിജയത്തിനായി സഹകരിച്ചവർക്കും പ്രാർത്ഥനകൾ നൽകിയവർക്കും സീ ന്യൂസ് ഇസ്രയേൽ കുടുംബം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. സിഇഒ ലിസി കെ ഫെർണാണ്ടസ്, റെവ. ഫാ. ജോസ് കൊച്ചാകുന്നേൽ എസ്.ഡി.ബി, ഫാ. മാത്യു കുത്തിനോ എസ്.ഡി.ബി, റെവ. ഫാ. ബാബു ജോസ് OFM Cap. എന്നിവരുടെ വലിയ സഹായ സഹകരണങ്ങൾക്കും പ്രാർത്ഥനകൾക്കും സീന്യൂസ് ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു.
യുദ്ധം തകർക്കുന്ന മനസിനെ പ്രാർത്ഥനയിലൂടെയും കൂട്ടായ്മയിലൂടെയും തിരികെപ്പിടിക്കാനായതിന്റെ സംതൃപ്തിയിലാണ് ഇസ്രയേലിലെ ഓരോ മലയാളി കുടുംബവും.