ടെഹ്റാന്‍: അമേരിക്കയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിയ ഇറാനെതിരെ അതിശക്തമായ ആക്രമണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഇറാന്‍.
തങ്ങളുടെ റെഡ് ലൈനുകള്‍ ലംഘിച്ചാല്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ തിരിച്ചടി നല്‍കുമെന്നും അത് അവരുടെ എണ്ണ, വാതക ശേഖരം വര്‍ഷങ്ങളോളം ഇല്ലാതാക്കുമെന്നുമുള്ള ഭീഷണിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്‌സ് (ഐആര്‍ജിസി).
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ മറുപടി നല്‍കുമ്പോള്‍ പരിധികള്‍ വെക്കില്ലെന്നും ഐആര്‍ജിസി മുന്നറിയിപ്പില്‍ വ്യക്തമാക്കി.
'യു.എസ് തീവ്രവാദ സൈന്യം റെഡ് ലൈനുകള്‍ ലംഘിച്ചാല്‍ ഇറാന്റെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കും. തങ്ങള്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. എന്നിരുന്നാലും ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പ്രതികരിക്കാന്‍ മടിക്കില്ല'- ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.
അയല്‍ രാജ്യങ്ങളോടുള്ള സൗഹാര്‍ദ്ദം മുന്‍നിര്‍ത്തി ഇറാന്‍ ഇതുവരെ കാര്യമായ സംയമനം പാലിച്ചിട്ടുണ്ട്. പ്രതികാര ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വിവിധ ഘടകങ്ങള്‍ പരിഗണിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരം പരിഗണനകളെല്ലാം നീക്കം ചെയ്തിട്ടുണ്ടെന്ന കാര്യം അമേരിക്കയുടെ പ്രാദേശിക പങ്കാളികളെ അറിയിക്കുന്നതായും ഐആര്‍ജിസി വ്യക്തമാക്കി.