ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്ന ലക്ഷ്യത്തോടെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് റഷ്യയും ചൈനയും. ബഹ്‌റിന്‍ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 11 രാജ്യങ്ങള്‍ വോട്ട് ചെയ്തു. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്‍ തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണിയുടെ സമയപരിധി അവസാനിക്കാന്‍ മണക്കൂറുകള്‍ മാത്രമം ശേഷിക്കെയായിരുന്നു യുഎന്നിലെ പ്രമേയം.
പാകിസ്ഥാനും കൊളംബിയയും പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഉറപ്പാക്കുന്നതിന് സൈനിക നടപടിയുള്‍പ്പെടെ തേടിക്കൊണ്ടുള്ളതായിരുന്നു പ്രമേയത്തിലെ ആദ്യത്തെ നിര്‍ദേശം.
15 അംഗ സുരക്ഷാ കൗണ്‍സിലിലെ വീറ്റോ അധികാരമുള്ള രാജ്യങ്ങളായ റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവര്‍ ബലപ്രയോഗം അംഗീകരിക്കുന്നതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ആക്രമണ നടപടിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി പ്രമേയം പരിഷ്‌കരിക്കുകയായിരുന്നു.