ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്‌സിആര്‍എ) ബില്ലിലെ ആശങ്കകള്‍ കേന്ദ്ര ന്യൂനപക്ഷ, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി പങ്കുവച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ).
സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂളയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘത്തില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുമുണ്ടായിരുന്നു.
ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സാങ്മ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരെ ആശങ്കകള്‍ അറിയിക്കുമെന്ന് റിജിജുവില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും അദേഹം വ്യക്തമാക്കി.
നിലവിലുള്ള ബില്ലിലെ ഭേദഗതികള്‍ പാസാക്കരുതെന്ന് സംഘം കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. തീരുമാനം എടുക്കും മുന്‍പ് എഫ്‌സിആര്‍എ ബാധകമായ എല്ലാ വിഭാഗവുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സിബിസിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കിരണ്‍ റിജിജുവിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായും കൂടിക്കാഴ്ച നടത്താന്‍ സിബിസിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടന്നേക്കും. അതേസമയം ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പമായി ബന്ധമില്ലെന്ന് മേഘാലയ മുഖ്യമന്ത്രി വ്യക്തമാക്കി.
എഫ്‌സിആര്‍എ ലൈസന്‍സ് നഷ്ട്ടപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികള്‍ സര്‍ക്കാരിലേക്ക് സ്ഥിരമായി ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 25 നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
തുടര്‍ന്ന് ബില്ലിലെ വിവാദമായ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ആവശ്യം വിവിധ കോണില്‍ നിന്ന് ഉയര്‍ന്നതോടെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ പരിഗണിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്മാറുകയായിരുന്നു.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനനയില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതിന് മുമ്പായി ന്യൂനപക്ഷ സ്ഥാപങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഇല്ലാതാക്കുന്ന തരത്തിലുള്ള വിവാദ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം.