സാൻ സെബാസ്റ്റ്യൻ: സോഷ്യൽ മീഡിയയിലെ ആഡംബര ജീവിതത്തിനും ഫാഷൻ ശൈലികൾക്കും പേരുകേട്ട പ്രശസ്ത സ്പാനിഷ് ഇൻഫ്ലുവൻസർ സൂസാന അർക്കോച്ച ആത്മീയ പാതയിലേക്ക്. സാൻ സെബാസ്റ്റ്യൻ രൂപതയിലെ കത്തീഡ്രൽ ഡെൽ ബ്യൂൺ പാസ്റ്ററിൽ വച്ച് താൻ മാമ്മോദീസ സ്വീകരിച്ച വാർത്ത അഞ്ച് ലക്ഷത്തിലധികം വരുന്ന തന്റെ ഫോളോവേഴ്സിനായി അവർ പങ്കുവെച്ചു. ഇത് കേവലം ഒരു മതപരമായ ചടങ്ങല്ലെന്നും തന്റെ ജീവിതത്തിലെ വലിയൊരു ആത്മീയ പരിവർത്തനമാണെന്നും സൂസാന വെളിപ്പെടുത്തി.
ഫാഷൻ ഐക്കണുകളിൽ നിന്ന് തന്റെ ശ്രദ്ധ കന്യകാമറിയത്തിലേക്കും ആത്മീയതയിലേക്കും മാറിയതിനെക്കുറിച്ച് സൂസാന നേരത്തെ സൂചിപ്പിച്ചിരുന്നു. ബാഹ്യമായ സൗന്ദര്യത്തേക്കാൾ ആത്മാവിൽ നിന്നുള്ള സൗന്ദര്യമാണ് പ്രധാനമെന്ന തിരിച്ചറിവാണ് തന്നെ ഈ പാതയിലേക്ക് നയിച്ചതെന്ന് അവർ പറഞ്ഞു. "കർത്താവേ, ഇന്നും എപ്പോഴും നിന്നോട് സ്നേഹത്തിൽ. എന്നേക്കും എന്നേക്കും. ആമേൻ" എന്നായിരുന്നു മാമ്മോദീസയ്ക്ക് ശേഷം അവർ കുറിച്ചത്.
ദൃശ്യപരതയ്ക്കും സ്വാധീനത്തിനും മുൻഗണന നൽകുന്ന ഇൻഫ്ലുവൻസർ ലോകത്ത്, തന്റെ ആത്മീയ യാത്ര പരസ്യമാക്കിയ സൂസാനയുടെ നടപടി വലിയ ശ്രദ്ധയാകർഷിച്ചു. വിശ്വാസം എന്നത് ഒരു സിദ്ധാന്തമല്ല മറിച്ച് ദൈവവുമായുള്ള കണ്ടുമുട്ടലാണെന്ന് തന്റെ ജീവിതത്തിലൂടെ അവർ കാണിച്ചുതരുന്നു. മാമ്മോദീസയുടെ ദൃശ്യങ്ങൾ വ്ലോഗിലൂടെ ഉടൻ പുറത്തുവിടുമെന്നും തന്റെ സ്വകാര്യമായ ആത്മീയ യാത്രയിലേക്ക് അനുയായികളെയും ക്ഷണിക്കുകയാണെന്നും അവർ അറിയിച്ചു.