നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപണം: മധ്യപ്രദേശില്‍ രണ്ട് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

 നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപണം: മധ്യപ്രദേശില്‍ രണ്ട് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍.

ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ ബ്രിജേഷ് ബൈരാഗി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മോഹന്‍പൂര്‍ കൂര്‍ത്ത് ഗ്രാമത്തിലെ ദരിദ്രരായ ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മത പരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

കൂടാതെ, പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വലിയ അളവില്‍ മാംസവും മറ്റും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.

മതം മാറിയാലും പേരോ ജാതിയോ മാറ്റേണ്ടതില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നും ഇവര്‍ ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മറ്റൊരു ആരോപണം.

പരാതിയുടെ നിജസ്ഥിതി വിശദമായി അന്വേഷിച്ചു വരികയാണെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പാസ്റ്റര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഗുണ പൊലീസ് അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.