യുവജനങ്ങളിൽ ആത്മീയ ഉണർവേകാൻ 'സീക്ക് 26'; ന്യൂസീലൻഡിൽ യുവജന സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

യുവജനങ്ങളിൽ ആത്മീയ ഉണർവേകാൻ 'സീക്ക് 26'; ന്യൂസീലൻഡിൽ യുവജന സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

റോട്ടറുവ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് ന്യൂസീലാൻഡ് സംഘടിപ്പിക്കുന്ന ഒമ്പതാമത് യുവജന സംഗമമായ ‘സീക്ക് 26’ ന് റോട്ടറുവയിലെ ലേക്ക് വ്യൂ ബൈബിൾ ക്യാമ്പിൽ നാളെ തുടക്കമാകും. രാജ്യത്തെ വിവിധ മിഷനുകളിൽ നിന്നായി നൂറിലധികം യുവജനങ്ങൾ പങ്കെടുക്കുന്ന ഈ ആത്മീയ സംഗമത്തിനായുള്ള അന്തിമവട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

നാഷണൽ കോ-ഓർഡിനേറ്റർ റെവ. ഫാ. ജോസഫ് വി. ജെ (CSSR), റോട്ടറുവാ കമ്മ്യൂണിറ്റി ചാപ്ലൈൻമാരായ റെവ. ഫാ. ജോയി തോട്ടങ്കര (CSSR), ഫാ. ഷോജിൻ ജോസഫ് (CSSR) എന്നിവർ ക്യാമ്പ് വേദി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. യുവജനങ്ങളിൽ പുതിയൊരു ആത്മീയ ഉണർവ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും സംഗമം സംഘടിപ്പിക്കുന്നത്.

യൂത്ത് അപ്പോസ്റ്റലേറ്റ് ടീം മെൽബൺ, സീറോ മലബാർ യൂത്ത് മൂവ്മെന്റ് ന്യൂസീലാൻഡ് ഭാരവാഹികൾ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. റോട്ടറുവയിലെ ലേക്ക് വ്യൂ ബൈബിൾ ക്യാമ്പിൽ വെച്ചാണ് സീക്ക് 26 സംഘടിപ്പിക്കുന്നത്. ഏപ്രിൽ 16 ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന ക്യാമ്പ് ഏപ്രിൽ 19 ന് ഉച്ചയ്ക്ക് സമാപിക്കും.

ന്യൂസീലാൻഡിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട യുവജന സംഗമമായി സീക്ക് 26 മാറുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.