അമേരിക്കയുടെ പ്രത്യേക സന്ദേശവുമായി പാക് പ്രതിനിധികള്‍ ഇറാനില്‍; രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഉടനെന്ന് സൂചന

അമേരിക്കയുടെ  പ്രത്യേക സന്ദേശവുമായി പാക് പ്രതിനിധികള്‍ ഇറാനില്‍; രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഉടനെന്ന് സൂചന

ടെഹ്‌റാന്‍: രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്ക് മുന്നോടിയായി അമേരിക്കയുടെ പ്രത്യേക സന്ദേശം കൈമാറുന്നതിനായി പാകിസ്ഥാന്‍ സംയുക്ത സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനില്‍ എത്തി. ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വിയും സംഘത്തിലുണ്ടെന്ന് പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍-യുഎസ് രണ്ടാം ഘട്ട സമാധാന ചര്‍ച്ച എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് പാക് പ്രതിനിധി സംഘം ഇറാനിലെത്തിയത്. രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.

ആദ്യ ഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായുള്ള ഉചിതമായ സമയം നിശ്ചയിക്കേണ്ടതുണ്ട്. കൂടാതെ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നീട്ടേണ്ടതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഫോക്‌സ് ന്യൂസിലെ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഫോക്‌സ് ന്യൂസ് അവതാരക മരിയ ബാര്‍ടിരോമോയുമായുള്ള അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തു വന്നിട്ടുള്ളു. അഭിമുഖത്തിലെ വെളിപ്പെടുത്തലുകളോട് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.