പെർത്ത്: പെർത്ത് അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ബിഷപ്പ് നെൽസൺ പോ (57) അഭിഷിക്തനായി. പെർത്ത് സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചരിത്രപ്രധാനമായ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ സാക്ഷ്യം വഹിച്ചു. "കർത്താവിന്റെ ആടുകളെ തീറ്റുക - അവന്റെ ആടുകളെ പരിപാലിക്കുക" എന്ന ആഹ്വാനത്തോടെയാണ് പുതിയ മെത്രാൻ തന്റെ ശുശ്രൂഷയിലേക്ക് ചുവടുവെച്ചത്.
പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്‌ഡിബി പ്രധാന കാർമ്മികനായിരുന്നു. ബിഷപ്പ് ഡോൺ സ്പ്രോക്സ്റ്റൺ, സാൻഡ്‌ഹർസ്റ്റ് ബിഷപ്പ് റെനെ റാമിറെസ് എന്നിവർ സഹകാർമ്മികരായി. അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോയും ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 19 മെത്രാന്മാരും ചടങ്ങിൽ പങ്കെടുത്തു. ബിഷപ്പിന്റെ ഫിലിപ്പീൻസിലുള്ള മാതാവ് ഉൾപ്പെടെ മൂവായിരത്തോളം പേർ ലൈവ് സ്ട്രീമിംഗ് വഴി ചടങ്ങ് വീക്ഷിച്ചു.
"ഒരു മെത്രാനാകാൻ നിങ്ങൾ പൂർണനാകണമെന്നില്ല, മറിച്ച് ഓരോ ദിവസവും ദൈവഹിതത്തിനായി പരിശ്രമിക്കുന്ന ഒരാളായാൽ മതി," എന്ന് ആർച്ച് ബിഷപ്പ് കോസ്റ്റലോ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. അപ്പസ്തോലന്മാരുടെ പിൻഗാമിയെന്ന നിലയിൽ ദൈവത്തിന്റെ സ്നേഹവും കരുണയും ജനങ്ങളിലെത്തിക്കാൻ പുതിയ മെത്രാൻ നിയുക്തനായിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.
തന്നിൽ വിശ്വാസമർപ്പിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയോടുള്ള നന്ദി ബിഷപ്പ് നെൽസൺ പോ രേഖപ്പെടുത്തി. "ദൈവത്തിന്റെ പദ്ധതികൾ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. പരിശുദ്ധ കന്യകാമറിയം ദൈവഹിതത്തിന് അതെ എന്ന് പറഞ്ഞതുപോലെ, എളിയവനായ ഞാനും ഈ നിയോഗം ഏറ്റെടുക്കുന്നു," അദേഹം പറഞ്ഞു.
ഫിലിപ്പീൻസ് സ്വദേശിയായ ബിഷപ്പ് നെൽസൺ പോയുടെ നിയമനം ഓസ്‌ട്രേലിയൻ കത്തോലിക്കാ സഭയിലെ കുടിയേറ്റ സമൂഹത്തിനും വലിയ ആവേശമാണ് പകരുന്നത്.