വിടവാങ്ങിയത് സ്നേഹനിധിയായ ഇടയൻ; ഫാ. ജിജുവിന്റെ വിയോഗം ജർമ്മൻ മലയാളികൾക്ക് തീരാനഷ്ടം

വിടവാങ്ങിയത് സ്നേഹനിധിയായ ഇടയൻ; ഫാ. ജിജുവിന്റെ വിയോഗം ജർമ്മൻ മലയാളികൾക്ക് തീരാനഷ്ടം

മ്യൂണിക്ക്: ജർമ്മനിയിലെ മെട്രോ അപകടത്തിൽ ഷോൺസ്റ്റാറ്റ് സന്യാസ സമൂഹാംഗം റവ. ഫാ. ജിജു കിലുക്കൻ വിടവാങ്ങിയ വാർത്ത ജർമ്മൻ മലയാളി സമൂഹത്തെയും സഭയെയും ഒരേപോലെ കണ്ണീരിലാഴ്ത്തി. കേരളത്തിൽ നിന്ന് ഷോൺസ്റ്റാറ്റ് സന്യാസ സമൂഹത്തിലൂടെ മിഷനറി ദൗത്യം ഏറ്റെടുത്ത ഫാ. ജിജു വിശ്വസ്തതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു.

കേരളത്തിലെ വിവിധ ഇടവകകളിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദേഹം പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾക്കായുള്ള ജീവാലയ ബോയ്സ് ഹോമിലെ പ്രവർത്തനങ്ങളിലൂടെയും യുവജന രൂപീകരണത്തിലൂടെയും വലിയ ജനപ്രീതി നേടിയിരുന്നു. സെമിനാരി റെക്ടർ എന്ന നിലയിൽ വൈദിക വിദ്യാർത്ഥികൾക്ക് നൽകിയ മാർ​ഗ നിർദ്ദേശങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

ഫാ. ജിജുവിന്റെ വിയോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ജർമ്മൻ ഭാഷാഭൂമിക മേഖലയും കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ ഭാരവാഹികളും അഗാധമായ ദുഖം രേഖപ്പെടുത്തി. നിസ്തുലമായ ആത്മീയ ശുശ്രൂഷയിലൂടെയും സ്നേഹപൂർണമായ ഇടപെടലുകളിലൂടെയും വിശ്വാസികളുടെ ഹൃദയത്തിൽ ഇടംപിടിച്ച ഇടയനായിരുന്നു ഫാ. ജിജുവെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ അനുസ്മരിച്ചു.

പുതിയ മിഷൻ മേഖലകളിൽ സജീവമായിക്കൊണ്ടിരിക്കെ സംഭവിച്ച ഈ മരണം പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം, വിയോഗത്തിൽ തളർന്ന കുടുംബാംഗങ്ങളുടെയും ഷോൺസ്റ്റാറ്റ് സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കത്തോലിക്കാ കോൺ​ഗ്രസ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.