വാഷിങ്ടണ്‍: പുതിയ നാവിക ഉപരോധം ആരംഭിച്ച ശേഷം ഒരു ഇറാനിയന്‍ കപ്പല്‍ പോലും കടന്ന് പോയിട്ടില്ലെന്ന യു.എസിന്റെ അവകാശ വാദം തെറ്റെന്ന് ചരക്ക് കപ്പല്‍ ട്രാക്കിങ് ഏജന്‍സിയായ വോര്‍ടെക്സ. ചുരുങ്ങിയത് 34 ഇറാനിയന്‍ ബന്ധമുള്ള ടാങ്കറളെങ്കിലും യു.എസ് ഉപരോധം മറിടകന്ന് പോയിട്ടുണ്ടെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
ഇറാനിയന്‍ എണ്ണയുമായി പോയ കപ്പലുകളും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ ഉപരോധം ദുര്‍ബലമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഏപ്രില്‍ 13 നാണ് ഇറാനുമേല്‍ യു.എസ് നാവിക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്‍ തുറമുഖങ്ങളില്‍ നിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യു.എസിന്റെ അവകാശ വാദം. ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 28 കപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അവസാനമായി ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്.
ഇതിനിടെ ചൈനയില്‍നിന്ന് വരികയായിരുന്ന ഒരു ഇറാനിയന്‍ കപ്പല്‍ യു.എസ് നാവികസേന പിടികൂടുകയും ചെയ്തിട്ടുണ്ട്. ഉപരോധം വന്‍ വിജയമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ചയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ യു.എസ് ഉപരോധം മറികടക്കാന്‍ നിരവധി കപ്പലുകള്‍ക്ക് കഴിഞ്ഞുവെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപരോധത്തിനിടെ 19 ടാങ്കറുകള്‍ ഇറാനില്‍ നിന്ന് പുറത്ത് കടക്കുകയും 15 ടാങ്കറുകള്‍ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാനില്‍നിന്ന് പോയതില്‍ കുറഞ്ഞത് ആറെണ്ണമെങ്കിലും 10.7 ദശലക്ഷം ബാരല്‍ വരുന്ന ഇറാനിയന്‍ അസംസ്‌കൃത എണ്ണയുടെ ചരക്കുമായിട്ടാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പുറത്തുപോയതില്‍ ഇറാനിയന്‍ പതാകയേന്തിയ സൂപ്പര്‍ടാങ്കറായ ഡോറെനയുമുണ്ട്. ട്രാക്കിങ് ഉപകരണങ്ങള്‍ ഓഫാക്കിയാണ് ഈ ടാങ്കര്‍ ഉപരോധം മറികടന്നതെന്നും വോര്‍ടെക്സ് പറയുന്നു. ഏപ്രില്‍ 17 നാണ് ഈ കപ്പലും മറ്റൊരു ഇറാനിയന്‍ കപ്പലും ഉപരോധം മറികടന്നത്. ഏപ്രില്‍ 20 ന് മറ്റ് രണ്ട് അസംസ്‌കൃത എണ്ണ ടാങ്കറുകളും കടന്ന് പോയിരുന്നു. ഡോറെനയുടെ സ്ഥാനം അവസാനമായി ഏപ്രില്‍ 18 ന് ഇന്ത്യയുടെ തെക്കന്‍ തീരത്താണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.