ബംഗളൂരുവില്‍ ഏഴ് പേര്‍ മരിച്ച അപകടം: ഉന്നതതല അന്വേഷണം ഇന്ന് തുടങ്ങും; മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ബംഗളൂരുവില്‍ ഏഴ് പേര്‍ മരിച്ച അപകടം: ഉന്നതതല അന്വേഷണം ഇന്ന് തുടങ്ങും; മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ബംഗളൂരു: ബംഗളൂരു ശിവാജി നഗറില്‍ കനത്തയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍ മരിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതില്‍ തകര്‍ന്ന് വീണത്. മഴയില്‍ നിന്ന് രക്ഷ തേടി താല്‍കാലിക ഷെഡുകള്‍ക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.

എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികള്‍. വിനോദയാത്രയ്ക്കെത്തിയ 52 അംഗ കുടുംബശ്രീ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു. തുടര്‍ന്ന് സ്വദേശമായ രാമമംഗലത്തേക്ക് കൊണ്ടുപോയി.

മരിച്ച മറ്റ് അഞ്ച് പേരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ച്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പുലര്‍ച്ചെയയോടെ പൂര്‍ത്തിയായി. അപകടത്തില്‍ പരിക്കേറ്റ മലയാളികളായ പ്രീത, സിജി, മായ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയിലാണ്. ഇതില്‍ ഒരു മലയാളി അടക്കം രണ്ട് പേരുടെ നില ഗുരുതരമാണെങ്കിലും മറ്റുള്ളവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.