വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ കേന്ദ്ര ജീവനക്കാരെ നിയമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ സുപ്രീം കോടതിയില്‍

വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ കേന്ദ്ര ജീവനക്കാരെ നിയമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ സുപ്രീം കോടതിയില്‍

കൊല്‍ക്കത്ത: വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. പശ്ചിമ ബംഗാളിലെ വോട്ടെണ്ണല്‍ നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയും പൊതുമേഖലാ ജീവനക്കാരെയും വിന്യസിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹര്‍ജി നാളെ അടിയന്തരമായി പരിഗണിക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. ഓരോ വോട്ടെണ്ണല്‍ ടേബിളിലും കുറഞ്ഞത് ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെയെങ്കിലും സൂപ്പര്‍ വൈസറായി നിയമിക്കണമെന്ന് ബംഗാള്‍ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവാണ് തര്‍ക്കത്തിന് കാരണം. ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ അധികാരമുള്ളൂവെന്നും അഡീഷണല്‍ സിഇഒയ്ക്ക് ഇതിനുള്ള അവകാശമില്ലെന്നുമാണ് തൃണമൂലിന്റെ വാദം.

കേന്ദ്ര ജീവനക്കാരുടെ സാന്നിധ്യം വോട്ടെണ്ണല്‍ പ്രക്രിയയില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ക്ക് കാരണമായേക്കുമെന്ന് മമത ബാനര്‍ജി ആശങ്ക പ്രകടിപ്പിച്ചു. ബംഗാളിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ സാഹചര്യങ്ങളും അറിയാത്ത പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരെയും പൊലീസ് സേനയെയും വിന്യസിക്കുന്നത് ടിഎംസി പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ടിഎംസി നിയമപോരാട്ടം ശക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.